
ന്യൂഡല്‍ഹി: ബിസിനസ് ലോകം ഉറ്റുനോക്കുന്ന ആമസോണ്‍-ഫ്യൂചര്‍ റീടെയ്ല്‍ നിയമ പോരാട്ടത്തില്‍ പുതിയ ചുവടുവെച്ച് കിഷോര്‍ ബിയാനി കമ്പനി. ആമസോണിന്റെ ആര്‍ബിട്രേഷന്‍ നടപടികള്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആമസോണും ഫ്യൂചര്‍ റീടെയ്‌ലുമായുള്ള 2019 ലെ കരാര്‍ റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഫ്യൂചര്‍ റീടെയ്ല്‍ മുന്നോട്ട് പോകുന്നത്.
നേരത്തെ ഫ്യൂചര്‍ റീടെയ്ലില്‍ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടി, കിഷോര്‍ ബിയാനി കമ്പനിയെ ഏറ്റെടുക്കാനുള്ള റിലയന്‍സ് നീക്കത്തിന് തടയിടുകയാണ് ആമസോണ്‍. നേരത്തെ ഫ്യൂചര്‍ റീടെയ്ല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയപ്പോള്‍ ആമസോണ്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് കണ്ടെത്തിയാണ് കരാര്‍ സിസിഐ റദ്ദാക്കിയത്.
സിങ്കപ്പൂരിലെ ആര്‍ബിട്രേഷന്‍ പാനലാണ് കേസില്‍ വാദം കേള്‍ക്കുന്നത്. സമാന്തരമായി രണ്ട് കമ്പനികളും ഇന്ത്യയിലും നിയമപോരാട്ടം തുടരുന്നുണ്ട്. ഫ്യൂചര്‍ റീടെയ്ലിന്റെ പുതിയ ഹര്‍ജിയില്‍ ഈയാഴ്ച തന്നെ ദില്ലി ഹൈക്കോടതി വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്. നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഫ്യൂചര്‍ ഗ്രൂപ്പിന്റെ ആവശ്യം സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ പാനല്‍ നിരാകരിച്ചതോടെയാണ് കിഷോര്‍ ബിയാനി കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫ്യൂചര്‍ ഗ്രൂപ്പ് 2019 ലെ കരാര്‍ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ആമസോണ്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത് തന്നെ. ഈ വാദത്തിന് സിങ്കപ്പൂരിലെ ആര്‍ബിട്രേറ്ററുടെയും ഇന്ത്യയിലെ കോടതികളിലും പിന്തുണയും കിട്ടി. എന്നാല്‍ ഒരു തെറ്റും ചെയ്തില്ലെന്നാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നിലപാട്. സിസിഐ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം റിലയന്‍സുമായുള്ള ഇടപാടില്‍ ഫ്യൂചര്‍ ഗ്രൂപ്പിന് മുന്നോട്ട് പോകാനാവും. ആമസോണിന്റെ നിയമപോരാട്ടത്തിന് ചെക്ക് വെച്ചിരിക്കുകയാണ് ഫ്യൂചര്‍ റീടെയ്ല്‍.