
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ), നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) തുടങ്ങിയ റെഗുലേറ്റര്‍മാരോട് ലയന കരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികളെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റില്‍ എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വ, മുകുള്‍ റോത്ഗി എന്നവരുള്‍പ്പടെയുളളവരുടെ വാദംകേട്ടശേഷമാണ് നടപടി. റിയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട് തടഞ്ഞുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സുപ്രീംകോടതി സ്റ്റേചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഫ്യൂച്ചര്‍ കൂപ്പണ്‍സ്, ഫ്യൂച്ചര്‍ റീട്ടെയില്‍ എന്നിവയുടെയും ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ കിഷോര്‍ ബിയാനിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചര്‍ കൂപ്പണ്‍സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചില്ലറ-മൊത്തവ്യാപാര ബിസിനസ് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാനുള്ള 24,731 കോടി രൂപയുടെ കരാറുമാറി മുന്നോട്ടുപോകുന്നത് സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ തടഞ്ഞത്. ഫ്യൂച്ചര്‍ കൂപ്പണില്‍ ഓഹരി പങ്കാളിത്തമുള്ള ആമസോണിന്റെ ഹര്‍ജിയെതുടര്‍ന്നായിരുന്നു ഇത്.