
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനം ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഇന്ത്യന്‍ ജിഡിപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുളള ലോക്ക്ഡൗണുകള്‍ക്കിടയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്നും, അതിനാലാണ് ഇത്തരത്തിലൊരു സങ്കോചത്തിന് ഇടയാക്കിയതെന്നും എന്‍എസ്ഒ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കുറഞ്ഞത് നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സാമ്പത്തിക സങ്കോചം റിപ്പോര്‍ട്ട് ചെയ്യുന്നത്, 1996 മുതല്‍ ഇന്ത്യ ത്രൈമാസ സംഖ്യകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷം ജിഡിപിയിലുണ്ടായ ഏറ്റവും വലിയ ഇടിവും പ്രസ്തുത പാദത്തിലാണ്. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ സമ്പദ് വ്യവസ്ഥ 3.1 ശതമാനം വളര്‍ച്ച നേടി. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019-20 ജൂണ്‍ പാദത്തില്‍ 5.2 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ നിരക്ക് 2018- 19 സാമ്പത്തിക വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമായി കുറഞ്ഞു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മന്ദ?ഗതിയിലൂടെയാണ് സമ്പദ്‌വ്യവസ്ഥ കടന്നുപോയതെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ മൊത്ത മൂല്യവര്‍ദ്ധനവ് (ജിവിഎ) 22.8 ശതമാനവും ഉല്‍പ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും കുറഞ്ഞു. മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 52.9 ശതമാനം ചുരുങ്ങി, വൈദ്യുതി ഏഴ് ശതമാനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 50.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും തിളക്കമാര്‍ന്ന മുന്നേറ്റം പ്രകടിപ്പിച്ച് പിടിച്ചുനിന്നു, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 3.4 ശതമാനമാണ് കൃഷിയും അനുബന്ധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത വളര്‍ച്ച.
അതേസമയം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തി. എന്നാല്‍ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.