
കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും വാട്സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്സ്ആപ് ചാനല്‍ ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് അനായാസമായി ഇനി ഇടപാടുകള്‍ നടത്താം.
വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഡീലര്‍മാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുളള മറ്റു സേവനങ്ങളും വാട്സ് ആപ് ചാനലിലൂടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകള്‍ നടത്താന്‍ ജിയോജിതിന്റെ ഇടപാടുകാര്‍ക്ക് ഇതിലൂടെ കഴിയും. വാട്സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ് ചാനലിലെ സെല്‍ഫ് സര്‍വീസ് സൗകര്യത്തിലൂടെ സാധിക്കും.
ഏറ്റവും നൂതനമായ ഈ വാട്സ്ആപ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകള്‍ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ളിക്കേഷനും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.