
ജനറല്‍ മോട്ടോഴ്സ് ഇന്ത്യയും തൊഴിലാളി യൂണിയനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. വളണ്ടറി സെപ്പറേഷന്‍ പാക്കേജ് സ്വീകരിക്കാത്ത കമ്പനിയുടെ പൂനൈ പ്ലാന്റിലെ 1,086 ജീവനക്കാരയാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടി തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ യൂണിയന്‍ വ്യവസായിക കോടതിയെ സമീപിച്ചു കഴിഞ്ഞു.
അവസാന സമയ പരിധിയായിരുന്ന ജൂലൈ നാലോടെ തെലഗ്വാന്‍ പ്ലാന്റിലെ മൂന്നിലൊന്ന് തൊഴിലാളികളും വളണ്ടറി സെപ്പറേഷന്‍ സ്‌കീം അംഗീകരിച്ചിരുന്നു. സമ്മതം നല്‍കാത്ത തൊഴിലാളികളെ ജൂലൈ 12ന് തൊഴിലില്‍ നിന്നും കമ്പനി പുറത്താക്കുകയാണ് ഉണ്ടായത്. തൊഴിലാളികളെ വെട്ടിക്കുറച്ച കമ്പനിയുടെ നടപടിക്കെതിരെയും, ചൈനീസ് എസ്യുവി നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സിനോ മറ്റേതെങ്കിലും കക്ഷിയ്ക്കോ ഫാക്ടറി വില്‍പന നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ടും ജൂലൈ 15ന് തൊഴിലാളി യൂണിയന്‍ പൂനെ വ്യാവസായിക കോടതില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.
2020 ഡിസംബര്‍ മാസത്തില്‍ ഫാക്ടറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിഎം അവസാനിപ്പിക്കുകയും പ്ലാന്റ് ഗ്രേറ്റ് വാളിന് വില്‍പ്പന നടത്താന്‍ കരാറിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തൊഴിലാളികളുടെ അഭിപ്രായ വ്യത്യാസം കാരണം വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. തൊഴിലാളി യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജൂലൈ 16ന് വാദം കേട്ട കോടതി അടുത്ത വാദം കേള്‍ക്കുന്നത് വരെ സ്റ്റേ ഓര്‍ഡര്‍ സ്വീകരിക്കുവാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ആഗസ്ത് 3 വരെ വില്‍പ്പന സംബന്ധിച്ച യാതൊരു നടപടികളും കൈക്കൊള്ളുകയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഔദ്യോഗിക മറുപടിയില്‍ ജിഎം ഇന്ത്യ വ്യക്തമാക്കി. നിയമ പരമായും, തൊഴിലാളിയ യൂണിയനും മാനേജുമെന്റും തമ്മിലുള്ള ഉടമ്പടികള്‍ പാലിച്ചും മാത്രമേ കമ്പനി മുന്നോട്ട് പോവുകയുള്ളൂ എന്നും ജനറല്‍ മോട്ടോഴ്സ് കൂട്ടിച്ചേര്‍ക്കുന്നു.
പ്ലാന്റിലെ നിര്‍മാണപ്രവര്‍ത്തികള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും തൊഴിലാളികളുടെ വിഭജനം സംബന്ധിച്ചും കമ്പനി സുതാര്യമായിരുന്നുവെന്നാണ് ജിഎം ഇന്ത്യയുടെ വാദം. നോട്ടീസ് പിരീയഡ് സമയത്തെ വേതനമുള്‍പ്പെടെ അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നല്‍കിയാണ് തൊഴിലാളികളെ പിരിച്ചു വിട്ടിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. എന്നാല്‍ കമ്പനി നടത്തിയത് ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണെന്നും ഇതിനെതിരെ യൂണിയന്‍ കോടതിയില്‍ പോരാടുമെന്നും ജനറല്‍ മോട്ടോഴ്സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് സന്ദീപ് ബെഗാഡെ മാധ്യമങ്ങളോട് പറഞ്ഞു.