
ന്യൂഡല്‍ഹി: ഒടുവില്‍ 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ച് മൈക്രോസോഫ്‌റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വാഷിംഗ്ടണ്‍ കിംഗ് കൗണ്ടി കോടതി ഇരുവരുടേയും വിവാഹ മോചന ഹര്‍ജി അംഗീകരിച്ചതോടെയാണിത്. വിവാഹമോചന വ്യവസ്ഥകള്‍ പ്രകാരം വേര്‍പിരിയല്‍ കരാറിന്റെ നിബന്ധനകള്‍ അനുസരിച്ച് ഇരുവരും തങ്ങളുടെ സ്വത്തുക്കള്‍ വിഭജിക്കാനും ജഡ്ജി ഉത്തരവിട്ടു. സ്വത്ത് വിഭജനം പൂര്‍ത്തിയായാല്‍ ലോകത്തിലെ അതിസമ്പന്നയായ വനിതകളില്‍ ഒരാളായി മെലിന്റെ മാറും.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു തങ്ങള് വേര്‍പിരിയുകയാണെന്ന് ബില്‍ഗേറ്റ്‌സും മെലിന്റയും അറിയിച്ചത്. ഏറെ ആലോചിച്ചെടുത്ത തിരുമാനമാണെന്നും ഇനിയും വിവാഹ ജീവിതം തുടരാന്‍ സാധിക്കില്ലെന്നും ഇവര്‍ സംയ്ുക്ത പ്രസ്താവന ഇറക്കുകയായിരുന്നു. അതേസമയം വേര്‍പിരിയല്‍ പ്രഖ്യാപിച്ച തൊട്ട് പിന്നാലെ തന്നെ ഗേറ്റ്‌സിന്റെ കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ കൈവശമുള്ള 3 ബില്യണ്‍ ഡോളറിലധികം ഓഹരികള്‍ മെലിന്റയുടെ പേരിലേക്ക് മാറ്റിയിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്‌സ് അനുസരിച്ച്, പ്രഖ്യാപന സമയത്ത് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. അതേസമയം ദമ്പതികളുടെ സ്വകാര്യ സ്വത്ത് എങ്ങനെ വിഭജിക്കപ്പെടുമെന്നുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 65 കാരനായ ഗേറ്റ്‌സിന് ഇപ്പോള്‍ 150 ബില്യണ്‍ ഡോളറിലധികം സമ്പാദ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റിന്റെ ആസ്ഥാനമായുള്ള വാഷിംഗ്ടണിലും ദമ്പതികളുടെ വസതിയുള്ള കാലിഫോര്‍ണിയയും കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സ്റ്റേറ്റുകളാണ്. അതായത് വിവാഹത്തിന് ശേഷം ദമ്പതികള്‍ക്കുള്ള സ്വത്തുക്കളുടെ അവകാശം തുല്യമായിരിക്കുകയും വിവാഹമോചന സമയത്ത് തുല്യമായി വിഭജിക്കപ്പെടുകയും ചെയ്യണം. നിലവിലെ വ്യവസ്ഥ അനുസരിച്ച് മെലിന്റയ്ക്ക് 65.25 ബില്യണ്‍ ഡോളര്‍ ലഭിച്ചേക്കുമെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 166 മില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ, 130 മില്യണ്‍ ഡോളര്‍ ആര്‍ട്ട് കളക്ഷന്‍, മള്‍ട്ടി-ബില്യണ്‍ ഡോളര്‍ ഓഹരി എന്നിവയുടെ വിഭജനത്തില്‍ ഇന്‍ിയും തിരുമാനം ആയിട്ടില്ല.
വിവാഹ മോചന വാര്‍ത്തയോടെ രുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തേ ട്രസ്റ്റിയായ വാറന്‍ ബഫറ്റ് ജൂണില്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുമെന്ന് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്നും സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മെലിന്റയും ഗേറ്റ്‌സും അറിയിച്ചത്. ആഗോളതലത്തില്‍ ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, ലിംഗസമത്വം എന്നിവ ഉല്‍പ്പെടെയുള്ള മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. അതിനിടെ ഒന്നിച്ച് പ്രവര്‍ത്തിക്കാനായില്ലേങ്കില്‍ മെലിന്റ രണ്ട് വര്‍ഷത്തിനുള്ളില്‍ സംഘടയില്‍ നിന്നും പുറത്തുവന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇരുവരും സംഘടനയ്ക്ക് 15 ബില്യണ്‍ ഡോളര്‍ അധികമായി നല്‍കിയിട്ടുണ്ട്.ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ ചാരിറ്റബിള്‍ ട്രെസ്റ്റായി ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ മാറി.
അതേസമയം സമയം സമ്പന്ന ദമ്പതികള്‍ ആയിരുന്ന ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസും ഭാര്യയായിരുന്ന മക്കന്‍സി സ്‌കോടും വിവാഹ മോചിരായപ്പോള്‍ മക്കന്‍സിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ആസ്തി മെലിന്റയ്ക്ക് ലഭിച്ചേക്കും. മെക്കന്‍സിക്ക് 35 ബില്യണ്‍ ഡോളര്‍ ആയിരുന്നു ലഭിച്ചത്. ഇത് കരാര്‍ പ്രകാരമുള്ള സമ്പത്തിന്റെ നാല് ശതമാനമായിരുന്നു. 2019ല്‍ ആയിരുന്നു ജെഫ്-മെക്കന്‍സി വിവാഹമോചനനം.