ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കാം; അറിയാം വിശദവിവരം

April 20, 2020 |
|
News

                  ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കാം; അറിയാം വിശദവിവരം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഗോള്‍ഡ് ബോണ്ട് വില്പനയ്ക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,639 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ 50 രൂപ കിഴിവ് ലഭിക്കും. ആദ്യഘട്ടം വില്പന ഏപ്രില്‍ 24 നാണ് അവസാനിക്കുക. 28 ന് ബോണ്ട് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ആറുമാസം കൂടുമ്പോള്‍ ബോണ്ടിന് 2.5 ശതമാനം പലിശ ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പലിശ വരവുവയ്ക്കുകയാണ് ചെയ്യുക. കാലാവധിയെത്തുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ മൂല്യം ലഭിക്കുകയും ചെയ്യും. മൂലധന നേട്ടത്തിന് ആദായനികുതി നല്‍കേണ്ടതുമില്ല. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ വിറ്റ് പണമാക്കാം. ഓഹരി വിപണി വഴി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

ഗോള്‍ഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങള്‍

1 ആരാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്?
സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോള്‍ഡ് ബോണ്ട് പുറത്തിക്കുന്നത്.

2 എവിടെ നിന്ന് വാങ്ങാം?
ചെറുകിട നിക്ഷേപകര്‍ക്ക് ബാങ്കുകളില്‍നിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ നിന്നോ ബോണ്ട് വാങ്ങാം. സ്‌റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴിയും ബോണ്ടില്‍ നിക്ഷേപം നടത്താം.

3 ആര്‍ക്കൊക്കെ വാങ്ങാം?
വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം.

4 മിനിമം നിക്ഷേപം
ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം.

5 പരമാവധി നിക്ഷേപം
വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടില്‍ നിക്ഷേപിക്കാം. ട്രസ്റ്റുകള്‍ക്കും മറ്റും പരിധി 20 കിലോഗ്രാമാണ്.

6 ബോണ്ടിന്റെ കാലാവധി
എട്ടുവര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ ബോണ്ട് പണമാക്കാം. കാലാവധിയെത്തുമ്പോള്‍ ബോണ്ടിന് അപ്പോഴുള്ള സ്വര്‍ണവില ലഭിക്കും.

7 ഇഷ്യു വില
ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോള്‍ഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓണ്‍ലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കില്‍ യൂണിറ്റിന്റെ വിലയില്‍ 50 രൂപ കുറവുണ്ടാകും.

8 പലിശ നിരക്ക്
2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വര്‍ഷത്തില്‍ രണ്ടുതവണയായി പലിശ ലഭിക്കും.

9 ആദായനികുതി ആനുകൂല്യം
ഗോള്‍ഡ് ബോണ്ടില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാല്‍ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല.

10 ആവശ്യമായ രേഖകള്‍
കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചെങ്കില്‍മാത്രമെ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയൂ. വോട്ടേഴ്‌സ് ഐഡി അല്ലെങ്കില്‍ ആധാര്‍, പാന്‍ തുടങ്ങിയവ ആവശ്യമാണ്.


ട്രാൻ‌ചെ | സബ്സ്ക്രിപ്ഷൻ തീയതി | നൽകുന്ന തീയതി

2020-21 സീരീസ് I ഏപ്രിൽ 20-24, 2020 ഏപ്രിൽ 28, 2020

2020-21 സീരീസ് II മെയ് 11-15, 2020 മെയ് 19, 2020

2020-21 സീരീസ് III ജൂൺ 08-12, 2020 ജൂൺ 16, 2020

2020-21 സീരീസ് IV ജൂലൈ 06-10, 2020 ജൂലൈ 14, 2020

2020-21 സീരീസ് വി ഓഗസ്റ്റ് 03-07, 2020 ഓഗസ്റ്റ് 11, 2020

2020-21 സീരീസ് VI ഓഗസ്റ്റ് 31-സെപ്റ്റംബർ .04, 2020 സെപ്റ്റംബർ 08, 2020

Related Articles

© 2025 Financial Views. All Rights Reserved