
മുംബൈ: ഒക്ടോബറില്‍ രാജ്യത്തേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ 36 ശതമാനം വര്‍ധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വര്‍ണമാണ് ഒക്ടോബറില്‍ ഇറക്കുമതി ചെയ്തത്. അതേസമയം, ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ ഇറക്കുമതിയില്‍ 47 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വര്‍ണമായിരുന്നു 2019 ഒക്ടോബറില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ 2020 ഒക്ടോബറില്‍ 36 ശതമാനമാണ് വര്‍ധന.
ധന്‍തേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ആവശ്യം മുന്‍നിര്‍ത്തി കച്ചവടക്കാര്‍ കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതാണ് വര്‍ധനയ്ക്ക് കാരണമായത്. ഏപ്രില്‍ - ഒക്ടോബര്‍ കാലത്ത് 927 കോടി ഡോളറിന്റെ (69,048 കോടി രൂപ) സ്വര്‍ണമാണ് ആകെ ഇറക്കുമതി ചെയ്തത്.