
ആഗോള വിപണിയിലെ തരംഗം മുന്‍നിര്‍ത്തി സ്വര്‍ണ, വെള്ളി നിരക്കുകള്‍ ഇന്ത്യയില്‍ ഇടിഞ്ഞു. എംസിഎക്സ് വിപണിയില്‍ സ്വര്‍ണം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം സ്വര്‍ത്തിന് 48,818 രൂപയാണ് ഇപ്പോള്‍ വില (2,050 രൂപ കുറഞ്ഞു). സമാനമായി വെള്ളി നിരക്ക് 8.8 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,850 രൂപയിലാണ് എത്തിനില്‍ക്കുന്നത് (6,100 രൂപ കുറഞ്ഞു).
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 4 ശതമാനം വീഴ്ച്ച കുറിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്. നിലവില്‍ 1,833.83 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ വില. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില ഇടിയാനുള്ള കാരണമാണ്. വലിയ ഉത്തേജന പാക്കേജിന് അമേരിക്ക തയ്യാറെടുക്കുന്നതു മുന്‍നിര്‍ത്തി യുഎസ് ബോണ്ടുകളുടെ നേട്ടം ഒരു ശതമാനത്തിന് മുകളില്‍ ഉയരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് പത്തുവര്‍ഷ യുഎസ് ബോണ്ടുകള്‍ തുടരുന്നത്.