
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 320 രൂപ വര്‍ദ്ധിച്ച് 38400 രൂപയാണ് ഇന്നത്തെ വില. ആഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 37880 രൂപയായിരുന്നു.
കഴിഞ്ഞ സെഷനില്‍ വലിയ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യന്‍ സ്വര്‍ണ വിപണിയായ എംസിഎക്‌സില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.28 ശതമാനം ഇടിഞ്ഞ് 51,910 രൂപയിലെത്തി. വെള്ളി ഫ്യൂച്ചര്‍ വില 0.32 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 64,460 രൂപയായി. ഇന്നലെ എംസിഎക്സില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,257 രൂപയും വെള്ളി വില കിലോഗ്രാമിന് 2,700 രൂപയും ഉയര്‍ന്നിരുന്നു.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. കഴിഞ്ഞ സെഷനില്‍ വില 2.4 ശതമാനം ഉയര്‍ന്ന സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് ഇന്ന് 0.4 ശതമാനം ഇടിഞ്ഞ് 1,940.86 ഡോളറിലെത്തി. ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണ് ഇന്നലെ ആഗോള വിപണിയിലുണ്ടായത്. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 24.93 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 886.63 ഡോളറിലെത്തി.