
കൊച്ചി: ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില തുടരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 9 ദിവസം കൊണ്ട് പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി. ശനിയാഴ്ച്ച സ്വര്‍ണം പവന് വില 35,800 രൂപയാണ് വില. ഗ്രാമിന് വില 4,475 രൂപയും. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മെയ് മാസം 1,680 രൂപയുടെ വില വര്‍ധനവാണ് സ്വര്‍ണത്തില്‍ കണ്ടത്. ഏപ്രിലിലും പവന്‍ വില 1,720 രൂപ കൂടി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.30 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 554.40 രൂപ.
ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 47,920 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.42 ശതമാനം നേട്ടം). ഇന്ന് വെള്ളിയിലും ഉണര്‍വ് കാണാം. കിലോയ്ക്ക് 69,430 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു. ഈ ആഴ്ച മികച്ച മുന്നേറ്റമാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ഡോളര്‍ സൂചിക ദുര്‍ബലമായതും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം വിതയ്ക്കുന്ന ആശങ്കയും സ്വര്‍ണത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കി.
ഇന്ന് രാജ്യാന്തര വിപണിയിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. ഔണ്‍സിന് 1,808.54 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം ശനിയാഴ്ച്ച പുരോഗമിക്കുന്നു (0.25 ശതമാനം നേട്ടം). ഇതേസമയം, അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം നാലു മാസത്തെ താഴ്ച്ചയില്‍ നിന്നും ഉയര്‍ന്നത് പൊന്നിന്റെ കുതിപ്പിന് കടിഞ്ഞാണിടുന്നുണ്ട്. ബോണ്ട് നേട്ടം കൂടുമ്പോള്‍ സ്വര്‍ണത്തിലുള്ള അവസരാത്മക ചിലവ് കൂടും.
ഈ ആഴ്ച ഇന്ത്യയിലും ചൈനയിലും ഭൗതിക സ്വര്‍ണത്തിന് ഡിമാന്‍ഡ് കാര്യമായി ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ വെള്ളി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വെള്ളിയുടെ ഔണ്‍സ് വില 0.9 ശതമാനം നേട്ടത്തില്‍ 26.15 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 2.5 ശതമാനം ഉയര്‍ന്ന് 1,102.53 ഡോളറും പലേഡിയും നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 2,811.90 ഡോളറിലുമാണ് വന്നുനില്‍ക്കുന്നത്.