
കൊച്ചി: അക്ഷയതൃതീയ നാളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വില വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ സ്വര്‍ണവില പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസവും പവന് 36,000 രൂപയായിരുന്നു നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണവ്യാപാരം ചൊവാഴ്ച്ച നടന്നത് (മെയ് 11). ഈ ദിവസം സ്വര്‍ണം 35,760 രൂപ വില രേഖപ്പെടുത്തി. ഈ മാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).
മെയ് മാസം ഇതുവരെ പവന് 680 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 70.50 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 564 രൂപ.
ദേശീയ വിപണിയിലും സ്വര്‍ണവില താഴുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 63 രൂപ കുറഞ്ഞ് 47,375 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തുന്നത്. 0.13 ശതമാനം ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 64 രൂപ കുറഞ്ഞ് 70,467 രൂപയിലും എത്തിനില്‍ക്കുന്നു; 0.09 ശതമാനം ഇടിവ്. എംസിഎക്‌സ് വിലയിലും 1,500 രൂപയോളം വിലവര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
ആഗോള വിപണിയില്‍ ഔണ്‍സിന് 1,833 ഡോളര്‍ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 11 -ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം 1,830 നിലവാരത്തിലേക്ക് തിരിച്ചെത്തുന്നതും. അന്ന് 1,845.06 ഡോളര്‍ വരെ സ്വര്‍ണവില കുതിച്ചിരുന്നു. ഇന്ന് യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 1,834.20 ഡോളറാണ് നിരക്ക് രേഖപ്പെടുത്തുന്നത്. മറ്റു വിലയേറിയ ലോഹങ്ങളില്‍ പലേഡിയം നിരക്ക് 0.1 ശതമാനം ഉയര്‍ന്ന് 2,859.13 ഡോളറിലെത്തി (ഔണ്‍സിന്). വെള്ളി നിരക്ക് കാര്യമായ ചലനങ്ങളില്ലാതെ 27.03 ഡോളറില്‍ തുടരുന്നു. പ്ലാറ്റിനം നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് 1,200.31 ഡോളറാണ് ബുധനാഴ്ച്ച കുറിക്കുന്നത്.