
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. ഇന്നലെ ഒറ്റയടിയ്ക്ക് പവന് 1200 രൂപ കുറഞ്ഞ സ്വര്‍ണ വില ഇന്ന് പവന് 80 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37760 രൂപയാണ്. ഗ്രാമിന് 4720 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയ പവന് 37680 രൂപ.
ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.15 ശതമാനം ഇടിഞ്ഞ് 50,425 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.35 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,832 രൂപയായി. മൂന്ന് ദിവസത്തിനുള്ളില്‍ സ്വര്‍ണ വില രണ്ടാം ദിവസമാണ് കുറയുന്നച്. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 700 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി നിരക്ക് കിലോയ്ക്ക് 3.3 ശതമാനം അഥവാ 2,000 രൂപ ഉയര്‍ന്നിരുന്നു. വാക്‌സിന്‍ പ്രതീക്ഷകള്‍ക്കിടയിലാണ് തിങ്കളാഴ്ച സ്വര്‍ണ വില 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ ഉത്തേജക നടപടികള്‍ പ്രതീക്ഷിച്ച് ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 1,879.31 ഡോളറിലെത്തി. വെള്ളി വില 0.2 ശതമാനം ഉയര്‍ന്ന് 24.26 ഡോളറായി. പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 881.98 ഡോളറിലെത്തി.
ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തെ പിന്തുണച്ചു. ഡോളര്‍ സൂചിക 0.11% ഇടിഞ്ഞു. കൊറോണ വൈറസ് വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങിയേക്കാമെന്ന ശുഭ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ കാരണം. എന്നാല്‍ യൂറോപ്പിലും യുഎസിന്റെ ചില ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന വൈറസ് കേസുകള്‍ സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയില്‍ വില കുറയുന്നത് ധന്‍തേരസിനും ദീപാവലിയ്ക്കും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഓഗസ്റ്റില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു. ഇന്ത്യയില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നിലവില്‍ സബ്‌സ്‌ക്രിപ്ഷനായി തുറന്നിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഒരു ഗ്രാമിന് 5,177 രൂപയാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്.