
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 42000 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് 39800 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്.
ഇന്നലെ രാവിലെ സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 41200ല്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് വില 40800 രൂപയിലെത്തി. ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.
ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 3% അഥവാ 1,500 കുറഞ്ഞ് 50,441 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 5% അല്ലെങ്കില്‍ 5,000 ഇടിഞ്ഞ് 61972 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 6% അഥവാ 3,200 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ സ്വര്‍ണ വില 56,000 രൂപയിലും വെള്ളി വില 78,000 രൂപയിലുമെത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. സ്പോട്ട് സ്വര്‍ണ വില 2.1 ശതമാനം ഇടിഞ്ഞ് 1,872.61 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചറുകള്‍ 1,900 ഡോളറിന് താഴെയാണ്. സില്‍വര്‍ ഫ്യൂച്ചര്‍ വിലയും കുത്തനെ ഇടിഞ്ഞു. 7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 24.2 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,000 ഡോളറിനു മുകളില്‍ ഉയര്‍ന്നതിനുശേഷം, യുഎസ് ബോണ്ട് വരുമാനം വര്‍ദ്ധിക്കുകയും ഡോളര്‍ വീണ്ടും ഉയരുകയും ചെയ്തതോടെ സ്വര്‍ണം വില കുത്തനെ ഇടിഞ്ഞു.
സ്വര്‍ണ്ണ വിലയിലെ കുത്തനെയുള്ള ഇടിവ് സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപം കുറയാന്‍ കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.3 ശതമാനം ഇടിഞ്ഞ് 1,257.93 ടണ്ണായി. റഷ്യയുടെ കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള വാര്‍ത്തയാണ് സ്വര്‍ണ വിലയിലെ ഇടിവിന് പ്രധാന കാരണം. കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതിനാല്‍ സ്വര്‍ണം നിക്ഷേപകരുടെ പ്രിയപ്പെട്ട അസറ്റ് ക്ലാസായി മാറിയിരുന്നു.