
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ച് 34000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4250 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണ വില പവന് 33760 രൂപയായിരുന്നു. മെയ് 8ന് സ്വര്‍ണ വില പവന് 34080 രൂപയായി ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വര്‍ണത്തിന് ഈ വില രേഖപ്പെടുത്തിയത്.
സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യയിലെ സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും കുറഞ്ഞു. എംസിഎക്സില്‍ ജൂണ്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.23 ശതമാനം ഇടിഞ്ഞ് 45,520 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ 0.30 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകളും ഇന്ന് ഇടിഞ്ഞു. കിലോയ്ക്ക് 0.4 ശതമാനം ഇടിഞ്ഞ് 42,870 രൂപയായി. ആഭ്യന്തര സ്വര്‍ണ വിലയില്‍ 3 ശതമാനം ജിഎസ്ടിയും 12.5 ശതമാനം ഇറക്കുമതി തീരുവയും ഉള്‍പ്പെടും.
കൊറോണ വൈറസ് ലോക്ക്‌ഡൌണുകള്‍ ബാധിച്ച സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിന് കേന്ദ്ര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ്ണ വില ഉയര്‍ന്നു. സ്പോട്ട് സ്വര്‍ണ്ണ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 1,701.44 ഡോളറിലെത്തി. പകര്‍ച്ചവ്യാധി ഉത്ഭവിച്ച ചൈനീസ് നഗരമായ വുഹാനില്‍ ലോക്ക്‌ഡൌണ്‍ നീക്കിയതിന് ശേഷവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രണ്ടാമത്തെ തരംഗ അണുബാധയെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
ഇന്ത്യ സ്വര്‍ണ്ണ ആവശ്യകതകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വില 12 ശതമാനത്തിലധികം ഉയരാന്‍ കാരണമായി. വ്യാപകമായ ഉത്തേജക നടപടികള്‍ സ്വര്‍ണ വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകമാണ്. കാരണം പണപ്പെരുപ്പത്തിനെതിരായ ഒരു മികച്ച സംരക്ഷണ കേന്ദ്രമായാണ് സ്വര്‍ണ നിക്ഷേപത്തെ കണക്കാക്കുന്നത്.