
റെക്കോഡ് തിരുത്തി സ്വര്‍ണവില വീണ്ടും കുതിച്ച് പവന് 35,000 രൂപയ്ക്കുമുകളിലെത്തി. തിങ്കളാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെവില. കേരളത്തില്‍ മെയ് 16 മുതല്‍ പവന് 34800 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇന്ന് വില വീണ്ടും കുത്തനെ ഉയര്‍ന്നു. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 47,700 രൂപയായി. വെള്ളി ഫ്യൂച്ചേഴ്സ് വില മൂന്നുശതമാനംകൂടി കിലോഗ്രാമിന് 48,053 രൂപയായി.
യുഎസ് സമ്പദ്വ്യവസ്ഥയുടെ പൂര്‍ണമായ വീണ്ടെടുക്കലിനെ കാലതാമസമെടുക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഏഴ് വര്‍ഷത്തിത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്‌പോട്ട് സ്വര്‍ണം ഇന്ന് ഒരു ശതമാനം ഉയര്‍ന്ന് 1,759.98 ഡോളറിലെത്തി, ഇത് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വിലയേറിയ ലോഹങ്ങളില്‍ പ്ലാറ്റിനം 0.7 ശതമാനം ഉയര്‍ന്ന് 803.19 ഡോളറിലെത്തി. വെള്ളി 2 ശതമാനം ഉയര്‍ന്ന് 16.96 ഡോളറിലെത്തി.
ആഗോള മാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടയിലാണ് ഈ വര്‍ഷം ആഗോള വിപണിയില്‍ സ്വര്‍ണ വില 16 ശതമാനം ഉയര്‍ന്നത്. സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും നിരവധി ഉത്തേജന നടപടികള്‍ സ്വീകരിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകള്‍ക്കിടയില്‍ യുഎസ് റീട്ടെയില്‍ വില്‍പ്പനയും ഫാക്ടറി ഉല്‍പാദനവും ഏപ്രിലില്‍ റെക്കോഡിലെ ഏറ്റവും താഴ്ന്ന ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഇക്കാലയളവില്‍ സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം റെക്കോര്‍ഡ് ഉയരത്തിലെത്തി.