
കൊച്ചി: ആഗോളതലത്തില്‍ ഇപ്പോഴുള്ള അസ്ഥിരതയും യുഎസ്-ചൈന വ്യാപാര യുദ്ധവും ഇപ്പോള്‍ സ്വര്‍ണത്തേയും സാരമായി ബ്ധിക്കുകയാണ്. സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ കുതിച്ചുയരുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോക്താക്കളുള്ള ഇന്ത്യയും ആശങ്കയിലാണ്. കേരളത്തിലെ സ്വര്‍ണ വില 2019 ഓഗസ്റ്റ് 10ലെ കണക്ക് പ്രകാരം 27,480 രൂപയാണ്. ഒരു മാസത്തിനിടെ 1360 രൂപയാണ് വര്‍ധിച്ചത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില.
നാലു വര്‍ഷം കൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റില്‍ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. ആഗോള തലത്തില്‍ അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം വിപണിയെ സാരമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയില്‍ വിലവര്‍ധനയ്ക്ക് കാരണം.
ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ജൂവല്ലറികള്‍ക്ക് മാത്രമേ ഇനി മുതല്‍ സ്വര്‍ണ വില്‍പന അനുവദിക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ടാഗ് ഇനിമുതല്‍ നിര്‍ബന്ധമാണ്. സ്വര്‍ണത്തിന്റെ സംശുദ്ധി ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഇറക്കുന്നതാണ് ഹാള്‍മാര്‍ക്ക് ടാഗ്.
മാത്രമല്ല ആഭ്യന്തര വിപണിയില്‍ രണ്ട് ഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്ന സ്വര്‍ണത്തിന്റെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണമാണ് വരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രല്ല റീട്ടെയില്‍ ജൂവല്ലറികളിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്ക് ടാഗ് നിര്‍ബന്ധമാണെന്നും സ്വര്‍ണ വില്പന സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാം പാലിക്കണമെന്നും അറിയിപ്പുണ്ട്. 2005 മുതലുള്ള സ്വര്‍ണ വില കണ്ടാല്‍ തന്നെ ആശങ്ക വര്‍ധിക്കുമെന്നുറപ്പാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.
2005 ഒക്ടോബര്‍ 10 - 5,040, 2008 ജനുവരി 3- 8,040, 2008 ഒക്ടോബര്‍ 9 - 10,200, 2009 നവംബര്‍ 3 - 12,120, 2010 നവംബര്‍ 8 - 15,000, 2011 ഓഗസ്റ്റ് 19- 20,520, 2019 ഫെബ്രുവരി 19 - 25,120, 2019 ഓഗസ്റ്റ് 10- 27,480. സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 44,520 രൂപ എന്ന നിരക്കിലാണ് വ്യാപാരം.