
മുംബൈ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. റെസിഡെന്‍സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മാര്‍ഗത്തിലൂടെ പൗരത്വം നേടുന്ന രീതിക്ക് ഗോള്‍ഡന്‍ വിസ എന്നും പറയുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള പൗരത്വത്തിനായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
2019ല്‍ 1500 അപേക്ഷകര്‍ മാത്രമാണ് ഇത്തരത്തിലുണ്ടായിരുന്നത്. പോര്‍ച്ചുഗലാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ തേടുന്നവരുടെ പ്രധാന ചോയ്‌സ്. കാനഡ, ഓസ്ട്രിയ, മാള്‍ട്ട, ടര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും ഗോള്‍ഡന്‍ വിസ തേടുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ അനുസരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥിരതാമസത്തിന് പോകുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാരുള്ളത്. 2019ല്‍ മാത്രം 7000 പേരാണ് ഇത്തരത്തില്‍ രാജ്യം വിട്ടിട്ടുള്ളത്.
കൊവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി മൂലം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഗോള്‍ഡന്‍ വിസ നേടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നപ്പോഴും ഇന്ത്യയില്‍ ഈ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇന്ത്യ രണ്ട് പൌരത്വം അനുവദിക്കാത്തതിനാല്‍ ഇവരെല്ലാം തന്നെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോര്‍ച്ചുഗലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകരുള്ളത്. പാകിസ്ഥാനില്‍ നിന്നുള്ളവരും, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരും നൈജീരിയയില്‍ നിന്നുള്ളവരുമാണ് ഈ പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലായുള്ളത്.