
ന്യൂഡല്‍ഹി: ഒരു മിനുട്ടില്‍ 5000 മോശം പരസ്യങ്ങളെന്ന കണക്കില്‍ 2019 ല്‍ 2.7 ബില്യണ്‍ പരസ്യങ്ങള്‍ ഗൂഗിള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം അഡൈ്വര്‍ടൈസര്‍ അക്കൗണ്ടുകളും സസ്‌പെന്റ് ചെയ്തു. പരസ്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ നയങ്ങള്‍ പാലിച്ചില്ലെന്നതാണ് കാരണം.
ആഗോള തലത്തില്‍ കോവിഡ് 19 ന്റെ ഭാഗമായി വ്യാജ ഫേസ് മാസ്‌ക് പരസ്യങ്ങള്‍ നിരവധിയാണെന്ന് ഗൂഗിള്‍ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ കണ്ടെത്താനായി ലോകത്താകമാനം പ്രവര്‍ത്തിക്കുന്നതെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിള്‍ അറിയിച്ചു.
ഗൂഗിളിന്റെ പ്രൊഡക്ട് മാനേജ്‌മെന്റ് ആഡ്‌സ് പ്രൈവസി ആന്റ് സേഫ്റ്റി വിഭാഗം വൈസ് പ്രസിഡന്റ് സ്‌കോട് സ്‌പെന്‍സറിന്റേതാണ് ബ്ലോഗ് പോസ്റ്റ്. 2019 ല്‍ 21 ദശലക്ഷം വെബ് പേജുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതായും ഇതില്‍ വ്യക്തമാക്കി. ഗൂഗിളില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ പരസ്യങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കി.