കൊറോണ ജാഗ്രതയ്ക്ക് ഇനി ഗൂഗിള്‍ മാപ് സഹായിക്കും; യാത്രയില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍

June 09, 2020 |
|
News

                  കൊറോണ ജാഗ്രതയ്ക്ക് ഇനി ഗൂഗിള്‍ മാപ് സഹായിക്കും; യാത്രയില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍

കോവിഡ് കാലത്ത് ജനങ്ങളുടെ നീക്കം ശ്രദ്ധിച്ചിരുന്ന ഗൂഗിള്‍ ജനങ്ങള്‍ക്കായി അത്യുഗ്രന്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്സില്‍. കോവിഡ് പ്രദേശങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ മുന്നറിയിപ്പ് ഗൂഗ്ള്‍ മാപ്പ് നല്‍കും. യാത്രാ നിയന്ത്രണങ്ങളെ കുറിച്ചും കോവിഡ് 19 ചെക്ക്പോസ്റ്റുകളെ കുറിച്ചും ഗൂഗിള്‍ മാപ്പില്‍ അലേര്‍ട്ട് വരും. മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റേഷനുകളിലെയും തിരക്ക്, പ്രത്യേക റൂട്ടുകളിലെ ബസുകളുടെ ഷെഡ്യൂള്‍ എന്നിവയെല്ലാം അറിയാന്‍ ഗൂഗിള്‍ മാപ്പ്സിന്റെ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. ഇതനനുസരിച്ച് ഉപഭോക്താവിന് യാത്ര പ്ലാന്‍ ചെയ്യാം.

ഈ സമയത്ത് പ്രായമായവര്‍, കുട്ടികള്‍ എന്നിവരുമായി യാത്രചെയ്യുന്നവര്‍ക്കാകും ഏറ്റവും പ്രയോജനം ചെയ്യുക. അത് കൊണ്ടു തന്നെ യാത്രകള്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാനായി ഉപഭോക്താവിനെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് അറിയിക്കാനാണ് പുതിയ ഫീച്ചര്‍ എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമിടയിലെ ചെക്ക്പോസ്റ്റുകളെ കുറിച്ചുള്ള വിശദവിവരങ്ങളും അപ്ഡേറ്റില്‍ ഉണ്ടാകും.

കഴിഞ്ഞ മാസങ്ങളില്‍, 131 രാജ്യങ്ങളിലെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ ഫോണുകളില്‍ അതാത് ലൊക്കേഷനുകളില്‍ ലോക്ക്ഡൗണ്‍ കാലത്തെ തിരക്കുകളും ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഗൂഗിള്‍ പരിശോധിച്ചു വരികയായിരുന്നു. ഈ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിടുകയും ചെയ്തിരുന്നു.

പുതിയ ഫീച്ചര്‍ ഇന്ത്യയെ കൂടാതെ കോവിഡ് വ്യാപനം ഏറെയുള്ള അര്‍ജന്റീന, ഫ്രാന്‍സ്, നെതര്‍ലാന്റ്സ്, യുഎസ്, യുകെ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് അലേര്‍ട്ടുകള്‍ ലഭ്യമാക്കുമെന്ന് ഗൂഗിളിന്റെ അറിയിപ്പുണ്ട്. കാനഡ, മെക്സിക്കോ, യുഎസ് അതിര്‍ത്തികളിലെ കോവിഡ് 19 ചെക്ക്പോസ്റ്റുകളെ കുറിച്ചും അതിര്‍ത്തി കടക്കുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങളും മാപ്സില്‍ ഉണ്ടായിരിക്കും.

Related Articles

© 2025 Financial Views. All Rights Reserved