
അമേരിക്കയിലെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലേയും സിങ്കപ്പൂരിലേയും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി പണം അയയ്ക്കാം. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനി വെസ്റ്റേണ്‍ യൂണിയനെയും വൈസിനെയും പങ്കാളികളാക്കിക്കൊണ്ടാണ് ഈ ദൗത്യം ആരംഭിച്ചിട്ടുള്ളത്. രണ്ട് സ്ഥാപനങ്ങളും അവരുടെ സേവനങ്ങള്‍ ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തില്‍ രാജ്യാന്തര തരത്തില്‍ പേയ്‌മെന്റ് നടത്താന്‍ ഗൂഗിള്‍ പേ സംവിധാനമൊരുക്കുന്നത്. ടെക്ക് ക്രഞ്ചാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഈ സേവനം ലോകമെമ്പാടും വിപുലീകരിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ജോഷ് വുഡ്വാര്‍ഡിനെ ഉദ്ധരിച്ച് ടെക്ക്രഞ്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഗൂഗിളുമായുള്ള ധാരണ അനുസരിച്ച് 80-ലധികം രാജ്യങ്ങളില്‍ ഈ പേയ്‌മെന്റ് സേവനത്തിന് വൈസ് പിന്തുണ നല്‍കും, 200-ലധികം രാജ്യങ്ങളില്‍ അതേസമയം വെസ്റ്റേണ്‍ യൂണിയനും ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ സൌകര്യമൊരുക്കും.
അതേ സമയം വ്യക്തികള്‍ക്ക് പണം അയയ്ക്കാന്‍ മാത്രമാണ് ഈ ഫീച്ചര്‍ സഹായിക്കുകയുള്ളൂവെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിനസ് ഉപയോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോക്താക്കളുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഗൂഗിള്‍ പേ.
എന്നാല്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെ ഗൂഗിള്‍ പേ വഴി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പണമയക്കുന്നവര്‍ എത്ര തുകയാണ് അയയ്ക്കുന്നതെന്ന് ആദ്യമേ തന്നെ അറിയിക്കേണ്ടതുണ്ടെന്നും ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ആദ്യം ഗൂഗിള്‍ പേ ഉപയോക്താവിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ശേഷം അവരുടെ കോണ്ടാക്ടില്‍ ക്ലിക്ക് ചെയ്യണം. ഇതോടെ വെസ്റ്റേണ്‍ യൂണിയന്‍ വഴിയാണോ വൈസ് വഴിയാണോ പണം അയയ്‌ക്കേണ്ടതെന്ന് ഓപ്ഷന്‍ ചോദിക്കും. ഇതാണ് പണമയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍. കുടാതെ ജൂണ്‍ 16വരെ വെസ്റ്റേണ്‍ യൂണിയന്‍ അണ്‍ലിമിറ്റഡ് ഫ്രീ പണമിടപാടുകള്‍ അനുവദിക്കുമെന്ന് ഗൂഗിള്‍ പേ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉപയോക്താക്കള്‍ക്ക് 500 ഡോളര്‍ വരെയുള്ള ആദ്യ ഇടപാടുകളും സൗജന്യമായിരിക്കും.