
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ എക്കോണമിയെ ത്വരിതപ്പെടുത്തുന്നതിനായി ഗൂഗിള്‍ 75,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ എന്ന നരേന്ദ്ര മോദിയുടെ ദര്‍ശനത്തെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞത്. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വെര്‍ച്വല്‍ മീറ്റില്‍ ആയിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഗതിവേഗം കൂട്ടുന്നതിനായി പുതിയതായി 10 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് പിച്ചൈ വ്യക്തമാക്കിയത്. കോവിഡ് പശ്ചത്താലത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സുന്ദര്‍ പിച്ചൈ തുടങ്ങിയത്.
ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ മേഖലയില്‍ 2004 മുതല്‍ ഗൂഗിള്‍ പങ്കാളികളാണ്. അതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്റര്‍നെറ്റ് സാഥിയെ കുറിച്ചും ടെക്നോളജി മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും പരാമര്‍ച്ചു. ഏറ്റവും ഒടുവില്‍ ഭീം-യുപിഐയുമായി സഹകരിച്ച് കൊണ്ടുവന്ന ജി-പേയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഗൂഗിളില്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് പറഞ്ഞ സുന്ദര്‍ പിച്ചൈ പിന്നീട് പറഞ്ഞത് മറ്റൊന്നാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ യാത്ര ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വോയ്സ് ഇന്‍പുട്ടും കംപ്യൂട്ടിങ്ങും മെച്ചപ്പെടുത്തുന്നതുമുതല്‍ പുതുതലമുറ സംരഭകരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് വരെ അത് നീളുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാലത്തിനിടയില്‍ ഗൂഗിള്‍, ഇന്ത്യയില്‍ ഒരുപാട് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് പ്രഖ്യാപിക്കുന്നതില്‍ താന്‍ സന്തോഷവാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുന്ദര്‍ പിച്ചൈ പ്രഖ്യാപനം നടത്തിയത്. 75,000 കോടി രൂപയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ എക്കോണമിയ്ക്കായി ഗൂഗിള്‍ ചെലവഴിയ്ക്കുക. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ആയിരിക്കും ഇത്. ഇക്വിറ്റി നിക്ഷേപങ്ങള്‍, പങ്കാളിത്ത ബിസിനസ്സുകള്‍, പ്രവര്‍ത്തന, ഇന്‍ഫ്രാസ്ട്രക്ചര്‍, എക്കോസിസ്റ്റം നിക്ഷേപങ്ങള്‍ സമ്മിശ്രമായിട്ടായിരിക്കും ഈ തുക ചെലവഴിയ്ക്കുക എന്നാണ് സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനപ്പെട്ട നാല് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യയിലെ ഡിജിറ്റൈസേഷന്‍ നിക്ഷേപങ്ങള്‍.
1- ഹിന്ദിയോ പഞ്ചാബിയോ തമിഴോ, എത് ഭാഷയും ആകട്ടെ, ആദ്യം ഓരോ ഇന്ത്യക്കാരനും അവരുടെ ഭാഷയില്‍ വിവരങ്ങള്‍ ലഭ്യമാക്കുക.
2- ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായുള്ള പുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളും തയ്യാറാക്കുക.
3-. ബിസിനസ്സുകള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് തിരിയുമ്പോഴും അത് തുടരുമ്പോഴും അവയെ ശാക്തീകരിക്കുക.
4- ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ സാമൂഹ്യ നന്‍മയ്ക്കായി സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുക.
നാം ഇപ്പോള്‍ ഉള്ളത് ഒരു വിഷമഘട്ടത്തിലാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. നമ്മുടെ ആരോഗ്യത്തേയും സമ്പദ് വ്യവസ്ഥയേയും ഒരേ സമയം നേരിടുന്ന ഈ വെല്ലുവിളി നമ്മളെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിക്കുകയാണ്- എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും എങ്ങനെയാണ് ജോലി ചെയ്യേണ്ടത് എന്നും. എന്നാല്‍ വെല്ലുവിളികളുടെ സമയം പുത്തന്‍ കണ്ടെത്തലുകളിലേക്കും നയിച്ചേക്കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുന്ദര്‍ പിച്ചൈ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മോദി ഇക്കാര്യം ട്വീറ്റ് ചെയുകയും ചെയ്തു.