
ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. നേരത്തെ 60 ശതമാനമായിരുന്നത് 70 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ കൊവിഡിന് മുന്‍പത്തെ വിമാന സര്‍വീസുകളില്‍ 70 ശതമാനം ഓപ്പറേറ്റ് ചെയ്യാനാവും.
ഇതോടെ ആഴ്ചയില്‍ 2100 അധിക സര്‍വീസുകള്‍ രാജ്യത്തിനകത്ത് നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കും. ദീപാവലിക്ക് തൊട്ടുമുന്‍പ് വന്ന ഈ മാറ്റം കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരേ പോലെ ആശ്വാസകരമാണ്. മെയ് 25നാണ് ആഭ്യന്തര വിമാന സര്‍വീസ് തുറന്നത്. 30000 യാത്രക്കാരുടെ കപ്പാസിറ്റിയാണ് അന്നുണ്ടായിരുന്നത്.
നവംബര്‍ എട്ടായപ്പോഴേക്കും അത് 2.06 ലക്ഷമായി ഉയര്‍ത്തിയെന്ന് വ്യോമയാന മന്ത്രി എച്ച് എസ് പുരി പറഞ്ഞു. മാര്‍ച്ച് 25നാണ് രാജ്യത്ത് വിമാനസര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്. പുതിയ തീരുമാനത്തോടെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.