
മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തില്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും വന്‍കിടകമ്പനികളും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. ലോക്ക്ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്തെങ്കിലും ഇടത്തരക്കാര്‍ ഇപ്പോഴും ജാഗ്രതയോടെയാണ് പണം ചെലവിടുന്നത്. രാജ്യത്ത് പലഭാഗങ്ങളിലുമായി പലതരത്തില്‍ ലോക്ക്ഡൗണ്‍ തുടര്‍ച്ചയായ അഞ്ചാം മാസവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.
പശ്ചാത്തലവികസനത്തിന് കൂടുതല്‍ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. ഇത് ആളുകളിലേക്ക് കൂടുതല്‍ പണമെത്തിക്കുകയും ഉപഭോഗം കൂട്ടുകയുംചെയ്യും. അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറിയത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിരുന്നു. ഇടത്തരക്കാര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകപങ്കുണ്ട്. അവരെക്കൂടി വിപണിയില്‍ സജീവമാക്കുന്നതിന് നടപടികളുണ്ടാകണം. വായ്പാമൊറട്ടോറിയംകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍കഴിയില്ല. വായ്പകള്‍ പുനഃക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനാണ് ആര്‍ബിഐ ഇനി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന അഭിപ്രായം പലതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വായ്പ തിരിച്ചടയ്ക്കാന്‍ ആളുകള്‍ക്ക് സൗകര്യം നല്‍കുംവിധം വായ്പകള്‍ പുനഃക്രമീകരിക്കാന്‍ അവസരമുണ്ടാകണം. ഇതുവഴി തിരിച്ചടവുമുടങ്ങിയ വായ്പകള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് ഇളവുലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.