
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ലിമിറ്റഡിനായുള്ള ലേലത്തിന്റെ അപേക്ഷ തീയതി നീട്ടി സര്‍ക്കാര്‍. ഏപ്രില്‍ 30 ആണ് പുതുക്കിയ തീയതി. ലേലത്തിനായുള്ള താല്‍പ്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 17 ആയിരുന്നു. എയര്‍ ഇന്ത്യയുടെ പ്രാഥമിക വിവര മെമ്മോറാണ്ടവുമായി (പിഎം) ബന്ധപ്പെട്ട ചോദ്യങ്ങളുടെ പ്രതികരണങ്ങള്‍ക്കുള്ള അവസാന തീയതിയും മാര്‍ച്ച് 16 നിന്നും മാര്‍ച്ച് 20 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
നിക്ഷേപ വികാരത്തെയും സമ്പദ്വ്യവസ്ഥയെയും ലോകമെമ്പാടുമുള്ള വ്യോമയാന, ടൂറിസം മേഖലകളെ ബാധിക്കുകയും ചെയ്ത കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥനകളും കോവിഡ് -19 ന്റെ നിലവിലുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ എന്ന് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) പ്രസ്താവിച്ചു.
നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 4,600 ല്‍ അധികം ആളുകളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത കോവിഡ് -19, യാത്രാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. രാജ്യങ്ങള്‍ അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളില്‍ നിരോധനം ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍, ജനുവരിയില്‍ ഓഹരി വില്‍പ്പന പ്രക്രിയ ആരംഭിച്ചിരുന്നു. നിക്ഷേപകരില്‍ നിന്ന് ഓഫറുകള്‍ ക്ഷണിച്ച് കൊണ്ടുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കടം 56,334 കോടിയില്‍ നിന്ന് 23,287 കോടി രൂപയായി കേന്ദ്രം കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അടുത്തിടെ ഓട്ടോ ഡയറക്ടില്‍ 100 ശതമാനം വരെ എന്‍ആര്‍ഐമാര്‍ക്ക് എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള തീരുമാനം എടുത്തിരുന്നു. അതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ ഭേദഗതി വരുത്തിയിരുന്നു.