റഷ്യ-യുക്രൈന്‍ യുദ്ധം: എണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; നികുതി കുറച്ചേക്കും

February 25, 2022 |
|
News

                  റഷ്യ-യുക്രൈന്‍ യുദ്ധം: എണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; നികുതി കുറച്ചേക്കും

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര എണ്ണ വില എട്ടു വര്‍ഷത്തിനുശേഷം 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ബാരലിന് 97 ഡോളറില്‍ വ്യാപാരം തുടങ്ങിയ എണ്ണ നിലവില്‍ 104 ഡോളറിലേക്ക് അടുക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക എണ്ണവില കുതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ എക്‌സൈസ് തീരുവകള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതി തിരിച്ചടി എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്.

റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ചും അസംസ്‌കൃത എണ്ണവില ഉയരുന്നതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകുന്നേരം ധനമന്ത്രിയെയും മറ്റ് പ്രധാന ഉദ്യോഗസ്ഥരെയും കാണുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അസംസ്‌കൃത എണ്ണവില ഉയരുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധം തുടര്‍ന്നാല്‍ അസംസ്‌കൃത എണ്ണവില ഇനിയും ഉയരുമെന്നാണു വിലയിരുത്തല്‍. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡ് ഓയില്‍ വില ഇത്രയേറെ കൂടിയത്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ യുദ്ധ സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

2017 ജൂണ്‍ മുതല്‍ രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില മാറുന്ന സമ്പ്രദായമാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ മൂലം കഴിഞ്ഞ നവംബറിന് ശേഷം രാജ്യത്തെ എണ്ണക്കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസമായി പെട്രോള്‍- ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്സൈസ് നിരക്ക് കുറച്ചതിനു ശേഷമാണ് എണ്ണക്കമ്പനികള്‍ മൗനത്തിലേക്കു നീങ്ങിയത്. അന്നു ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് എക്സൈസ് ഡ്യൂട്ടി കുറച്ചത്. അന്ന് രാജ്യാന്തര എണ്ണവില 82- 84 ഡോളറായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വില കൂപ്പുകുത്തിയപ്പോള്‍ ഇന്ധനവിലയില്‍ എണ്ണക്കമ്പനികള്‍ ഇളവുകള്‍ അനുവദിച്ചിരുന്നില്ല.

തുടര്‍ച്ചയായി ഇന്ധനവില കുറഞ്ഞിട്ടും ഈ മൗനം തുടരാന്‍ കമ്പനികള്‍ക്കായി. സര്‍ക്കാരും ഇതിനു മൗന സമ്മതം നല്‍കി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കമ്പനികള്‍ക്ക് അനുകൂലമാണ്. നവംബറിനു ശേഷം രാജ്യാന്തര എണ്ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക ഇന്ധനവില വര്‍ധിച്ചാല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ രാജ്യത്ത് തെരഞ്ഞെടുപ്പു ചൂടായതിനാല്‍ മാത്രമാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കാത്തത്. മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് സമയത്ത് കമ്പനികള്‍ മൗനം ഭൂഷണമാക്കിയിരുന്നു.

ബജറ്റിന് തൊട്ടുമുമ്പ് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. അതേസമയം വിമാന ഇന്ധനത്തിന്റെ വില റെക്കോഡിലെത്തിക്കുകയും ചെയ്തിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ഇന്ധനവിലയുടെ കാര്യത്തില്‍ നിര്‍ണായകമാകും. ഇന്ധനവില ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ നികുതികളില്‍ ഇളവ് വരുത്തിയേക്കുമെന്നു സൂചനയുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved