
363.4 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന 20 ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ അപ്രൂവല്‍ കമ്മിറ്റി (ഐഎംഎസി)യുടെ അനുമതി. 103.81 കോടി രൂപ ഗ്രാന്റോടെയാണ് പ്രധാന്‍മന്ത്രി കിസാന്‍ കിസാന്‍ സമ്പാദന യോജനയിലൂടെ സിഇഎഫ്പിപിസിക്ക് (ഭക്ഷ്യ സംസ്‌കരണത്തിന്റെയും സംരക്ഷണ ശേഷിയുടെയും സൃഷ്ടിയും വിപുലീകരണവും) കീഴില്‍ പദ്ധതികള്‍ ഒരുക്കുന്നത്. ഇതിലൂടെ 11,960 പേര്‍ക്ക് തൊഴിലവസരങ്ങളും 42,800 കര്‍ഷകര്‍ക്ക് പ്രയോജനവും ലഭിക്കും.
'ഐഎംഎസി അംഗീകരിച്ച പ്രോജക്ടുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ ഹോര്‍ട്ടികള്‍ച്ചറല്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പ്രാദേശികതലത്തില്‍ തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും' ഭക്ഷ്യ സംസ്‌കരണ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സിഇഎഫ്പിപിസിക്ക് കീഴില്‍ നിര്‍ദേശിക്കപ്പെട്ട 36.30 കോടി ഗ്രോന്റോട് കൂടി 113.08 കോടി ചെലവ് വരുന്ന 11 പദ്ധതികള്‍ ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, മിസോറം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഒരുക്കുന്നത്. ഇതിലൂടെ 2017 മുതല്‍ അംഗീകരിച്ച പദ്ധതി കാര്‍ഷിക ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സംസ്‌കരണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യ സംസ്‌കരണത്തിന്റെ നവീകരണവും ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, ക്ലസ്റ്റര്‍ സമീപനത്തെ അടിസ്ഥാനമാക്കി ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 9 പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, അസം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 66.61 കോടി രൂപ ഗ്രാന്റോടുകൂടി മൊത്തം 250.32 കോടി രൂപ ചെലവിലാണ് ഈ പദ്ധതികള്‍ ഒരുക്കുക.