
ന്യൂഡല്‍ഹി: രാജ്യത്തെമ്പാടും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത് മുതല്‍ ഇതുവരെ 9.13 കോടി കര്‍ഷകര്‍ക്ക് പ്രധാന്‍ മന്ത്രി കിസാന്‍ സ്‌കീം വഴി ധനസഹായം നല്‍കിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 18253 കോടി രൂപയാണ് വിതരണം ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന നിധിയിലൂടെ ഓരോ കര്‍ഷകനും വര്‍ഷം ആറായിരം രൂപയാണ് മൂന്ന് തുല്യ തവണകളിലായി ലഭിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ രാജ്യത്തെമ്പാടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ മൂന്ന് കോടിയോളം കര്‍ഷകര്‍ക്ക് തങ്ങളുടെ വായ്പയ്ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കണമെന്ന് അപേക്ഷിച്ചതായി ധനമന്ത്രി പറഞ്ഞു. അപേക്ഷിച്ച കര്‍ഷകരുടെ ആകെ വായ്പാ തുക 4,22,113 കോടിയാണ്. നിര്‍മ്മാണ മേഖലയെ പരിപോഷിപ്പിക്കാനായി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് വഴി സംസ്ഥാനങ്ങള്‍ക്ക് 4224 കോടിയുടെ സഹായം നല്‍കിയെന്നും ധനമന്ത്രി വ്യക്തമാക്കി.