
ന്യൂഡല്‍ഹി: കൊറോണ ലോക്ക്ഡൗണ്‍ വരുത്തിയിരിക്കുന്ന മാന്ദ്യത്തെ ചെറുക്കാന്‍ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനുദ്ദേശിച്ചുള്ള വമ്പന്‍ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് സൂചന. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ മുന്‍പ് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജിന് സമാനമായിരിക്കും ഇത്. നിലവില്‍ ധനകാര്യ മന്ത്രാലയും സമ്പദ് ഘടനയുമായി ബന്ധപ്പെട്ടുള്ള മറ്റ് ചുമതലകള്‍ വഹിക്കുന്ന മന്ത്രാലയങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പാക്കേജിന്റെ കരട് തയാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. വ്യവസായ മേഖലയുടെ പരാതികളും ആവശ്യങ്ങളും വിശദമായി പരിശോധിച്ചാണ് പുതിയ പാക്കേജ് തയാറാക്കുന്നത്. ഒരു മിനി ബജറ്റിന്റെ ഗുണം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കുന്നതാവും പാക്കേജെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇടത്തരം ബിസിനസുകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവര്‍ധന എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാകും പാക്കേജെന്ന് ബാങ്ക് ഓഫാ അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. എന്നാൽ വ്യവസായ മേഖലയെ കേന്ദ്രീകരിച്ചുള്ള നടപടികളാവും പുതിയ പാക്കേജില്‍ പ്രധാനമായും ഉണ്ടാവുക എന്ന് വ്യക്തമാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, ഗതാഗത, വ്യോമയാന മേഖല എന്നിങ്ങനെ അടച്ചുപൂട്ടലില്‍ ഏറ്റവുമധികം നഷ്ടമനുഭവിക്കുന്ന മേഖലകള്‍ക്കാവും മുന്‍ഗണന. നികുതിയിളവുകള്‍ നല്‍കി ഉപഭോഗം ഉയര്‍ത്താനുള്ള നടപടികളും പ്രതീക്ഷിക്കാം. മൂലധന വിപണിയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കാം. അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ അഞ്ചോ ആറോ വമ്പന്‍ കമ്പനികളെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം വലിയതോതില്‍ ഉയരാവുന്ന ഉപഭോക്തൃ ആവശ്യകത നേരിടാനാണിത്. കര്‍ഷകരെ ഈ കമ്പനികളുമായി ബന്ധപ്പെടുത്തി ഭക്ഷ്യ വിളകള്‍ സംസ്‌കരണ, ഉല്‍പ്പാദന ശാലകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പ്രധാന മന്ത്രി നിയോഗിച്ചിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് സാമ്പത്തിക നടപടികള്‍ക്ക് രൂപം നല്‍കുന്നത്.
കോര്‍പ്പറേറ്റ് നികുതിയിലടക്കം ഇളവുകള്‍ ആവശ്യപ്പെട്ട് ഇന്ത്യ ഇന്‍ക് രംഗത്തുണ്ട്. വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും എന്‍പിഎ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നും വ്യവസായ മേഖല ആവശ്യപ്പെടുന്നു. ലോക്ക്ഡൗണ്‍ മൂലം ജനങ്ങളുടെ വരുമാനം സാരമായി ഇടിഞ്ഞ സാഹചര്യത്തില്‍ ുപഭോക്തൃ ആവശ്യകതയില്‍ ഇടിവുണ്ടാകാമെന്നും ഇത് തടയാന്‍ പണലഭ്യത ഉറപ്പാക്കുന്ന കൂടുതല്‍ നടപടികള്‍ പുതിയ പാക്കേജിലും സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിരീക്ഷിക്കുന്നു.