
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് മേഖലയില്‍ തട്ടിപ്പ് വ്യാപകമായതോടെ നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫ്ളാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാതിരിക്കല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.
സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും കരടില്‍ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ്. ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) നിയമം 2020 ഭേദഗതി കരട് പ്രകാരം ജൂലായ് ആറിനകംഇ-മെയിലിലൂടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.