
രാജ്യത്തെ സംരംഭകര്‍ക്കായി പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു പുതിയ ഇന്‍സന്റീവ് പദ്ധതിയാണ് സര്‍ക്കര്‍ പ്രഖ്യാപിച്ചത്. ലോക വ്യാപാര സംഘടനയുടെ(ഡബ്ല്യൂ.ടി.ഒ) മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഇന്‍സന്റീവ് പദ്ധതി നടപ്പാക്കുന്നത്. കയറ്റുമതി പരിപോക്ഷിപ്പിക്കുക, ഉല്‍പ്പാദകര്‍ക്ക് ഉത്തേജനം പകരുക എന്നിവയാണ് പ്രധാന ലക്ഷ്യം.
പദ്ധതി വഴി കയറ്റിയയക്കുന്ന ഉല്‍പ്പനങ്ങള്‍ക്കു വിവിധ കിഴിവുകള്‍ അനുവദിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്ന നികുതിയില്‍ റീഫണ്ടാണ് പ്രധാന ആകര്‍ഷണം. ഇതിനായി 19,440 കോടി രൂപ ചെലവിടനാണ് സര്‍ക്കാര്‍ തീരുമാനം. 2021 ജനുവരി മുതല്‍ മുന്‍കാല പ്രബല്യത്തോടെ പദ്ധതി നടപ്പാക്കുമെന്നും വാണിജ്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കോവിഡില്‍ നട്ടംതിരിയുന്ന വ്യാപാര സമൂഹത്തിനു വലിയ ആശ്വാസമാകും പദ്ധതിയെന്നാണു വിലയിരുത്തല്‍.
മാര്‍ച്ച് 2022ന് അവസാനിക്കുന്ന നടപ്പു സാമ്പത്തികവര്‍ഷം 40,000 കോടി ഡോളറിന്റെ കയറ്റുമതി കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 29,120 കോടി ഡോളറായിരുന്നു. സാമ്പത്തികവര്‍ഷം തുടങ്ങി ആദ്യപാദം പിന്നിടുമ്പോള്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണു വിലയിരുത്തല്‍. കൂടുതല്‍ വ്യാപാരികളെ കയറ്റുമതിക്കു പ്രോല്‍സാഹിപ്പിക്കാനാണ് നിലവിലെ പ്രഖ്യാപനം. കയറ്റുമതിക്ക് ഇന്‍സന്റീവ് നല്‍കുക വഴി കോവിഡില്‍ തളര്‍ന്ന സംരംഭകരെ സജീവമാക്കാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്.
രാജ്യാന്തര വിപണി ലക്ഷ്യമിടുന്ന സംരംഭകരെ സംബന്ധിച്ചിടത്തോളം പ്രഖ്യാപനം നേട്ടമാണ്. അടുത്തിടെ ആര്‍.ബി.ഐ. പ്രഖ്യാപിച്ച വായ്പാ പുനരവലോകന പദ്ധതി ഫലപ്രദമായി വിനിയോഗിച്ച സംരംഭകള്‍ക്കു കയറ്റുമതി വഴി കൂടുതല്‍ ആദായം കൈവരിക്കാനും ശൃംഖല വിപുലീകരിക്കാനും സാധിക്കും. സ്വയം പര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ ഇറക്കുമതി കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തേയ്ക്ക് വലിയതോതില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതും കയറ്റുമതി ലക്ഷ്യമിട്ടാണ്. കയറ്റുമതിക്കു കരുത്തേകാന്‍ വരും നാളുംകളിലും പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം.