
പ്രതിസന്ധിയിലായ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്‌സി) പിന്തുണയ്ക്കാന്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് വേണ്ടതെന്നും ഹ്രസ്വകാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ കാര്യമായ ഗുണമുണ്ടാക്കില്ലെന്നും കമ്പനികള്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാനുളള പദ്ധതിക്ക് മൂന്ന് മാസത്തേക്ക് മാത്രമേ റിസര്‍വ് ബാങ്ക് പണം ഉപയോഗിക്കൂ എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് എന്‍ബിഎഫ്‌സി മേഖല ആശങ്ക വ്യക്തമാക്കിയത്.
പുതിയ ഉത്തേജന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഭവന വായ്പ കമ്പനികള്‍ക്കുമായി പണലഭ്യത ഉറപ്പാക്കാനുളള പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖല ബാങ്കുകളിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവ്. മൊത്തം 30,000 കോടി രൂപയുടെ ഗാരന്റിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ പുറത്തിറക്കുന്ന കടപ്പത്രം റിസര്‍വ് ബാങ്ക് വാങ്ങും. അതിലൂടെ ലഭിക്കുന്ന വരുമാനം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ഭവന വായ്പാ സ്ഥാപനങ്ങളുടെയും ഹ്രസ്വകാല ബാധ്യകള്‍ ഏറ്റെടുക്കാന്‍ ബാങ്ക് വിനിയോഗിക്കും. ഭാഗിക വായ്പാ ഗാരന്റി പദ്ധതി വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് 2021 മാര്‍ച്ച് 31 വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
'വ്യവസായം ദീര്‍ഘകാല ഫണ്ടുകള്‍ക്കായി ഉറ്റുനോക്കുകയാണ്. മൂന്ന് മാസത്തിനു ശേഷം മറ്റൊരു പുതിയ ബാധ്യത സൃഷ്ടിക്കുകയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കു വേറെ വഴിയില്ല. മൂന്നു വര്‍ഷത്തേക്കു സാവകാശം വേണമെന്നായിരുന്നു ഞങ്ങളുടെ അഭ്യര്‍ത്ഥന'- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രമേശ് അയ്യര്‍ പറഞ്ഞു.ഇ മേളയ്ക്ക് ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആണു വേണ്ടതെന്ന് എന്‍ബിഎഫ്‌സി ലോബി ഗ്രൂപ്പായ ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എഫ്ഐഡിസി) കോ-ചെയര്‍മാന്‍ രാമന്‍ അഗര്‍വാള്‍ പറഞ്ഞു. ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കങ്ങള്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളെയും ബാധിച്ചതിനാല്‍ വായ്പാ തിരിച്ചടവുകള്‍ വ്യാപകമായി മുടങ്ങി. അതോടെ, ഈ മേഖലയില്‍ പണലഭ്യത തീരെ താഴ്ന്നു.