
മുംബൈ: ആഗോള എഫ്എംസിജി കമ്പനിയായ ജിഎസ്‌കെ, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റു. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഇടപാടാണ് ജിഎസ്‌കെ നടത്തിയത്. ഓഹരിയൊന്നിന് 1,905 രൂപ വിലയ്ക്കാണ് 13,37,72,044 ഓഹരികള്‍ വിറ്റത്. ഇതോടെ ജിഎസ്‌കെയ്ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറില്‍ ഓഹരികളൊന്നുമില്ലാതായി. അതേസമയം ഓഹരി വാങ്ങിയവരുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിനെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുത്തതിന്റെ പ്രതിഫലമായാണ് ഇത്രയും ഓഹരികള്‍ ജിഎസ്‌കെയ്ക്ക് ലഭിച്ചത്. 2018 ഡിസംബറിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഇരുകമ്പനികളുമെത്തിയത്. ഹോര്‍ലിക്സ് ഉള്‍പ്പടെയുള്ള ജനപ്രിയ ബ്രാന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്ലാസ്‌കോ സ്മിത്ത്ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍.