
മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് വാക്സിന് നികുതിയിളവ് നല്‍കിയേക്കില്ല. അതേസമയം, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ്, പള്‍സ് ഓക്സീമീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവുനല്‍കുന്നകാര്യം പരിഗണിച്ചേക്കും.
പിപിഇ കിറ്റ്, എന്‍95 മാസ്‌ക്, വെന്റിലേറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ആര്‍ടി-പിസിആര്‍ മെഷീന്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗണ്‍സിലിന് നിര്‍ദേശംനല്‍കുന്ന റേറ്റ് ഫിറ്റ്മെന്റ് പാനല്‍ കോവിഡുമായി ബന്ധപ്പെട്ട് നാല് ഇനങ്ങള്‍ക്കുമാത്രം നികുതിയിളവ് നല്‍കിയാല്‍മതിയെന്നാണ് ശുപാര്‍ശചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്സിന്‍ ഉള്‍പ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല.
മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ജനറേറ്ററുകള്‍, പള്‍സ് ഓക്സീമീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകള്‍ ജൂലായ് 31വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകള്‍ക്ക് ഓഗസ്റ്റ് 31വരെയും നികുതിയിളവ് അനുവദിച്ചേക്കും.
കോവിഡ് വാക്സിന്‍ നിലവില്‍തന്നെ താഴ്ന്നനിരക്കായ അഞ്ച് ശതമാനം സ്ലാബിലാണുള്ളത്. വാക്സിന് നികുതിയിളവ് നല്‍കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമനന്ത്രി മമത ബാനര്‍ജി നല്‍കിയ കത്തിന് ധനമന്ത്രി നിര്‍മല സീതാരമന്റെ മറുപടിയുമായി ബന്ധപ്പെട്ട നിലപാടാണ് പാനല്‍ സ്വീകരിച്ചത്. വാക്സിനുകളുടെ നികുതികുറയ്ക്കുന്നത് വിലവര്‍ധനവിന് കാരണമാകുമെന്നാണ് നിര്‍മല സീതാരാമന്റെ നിലപാട്. പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലയര്‍ മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക് എന്നിവയ്ക്ക് നിലവില്‍ അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ നികുതിയിലും വ്യത്യാസംവരുത്തേണ്ടെന്നാണ് സമിതിയുടെ തീരുമാനം.