
ന്യൂഡല്‍ഹി: 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 17ന് ലഖ്‌നൗവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുളള, നേരിട്ട് അംഗങ്ങള്‍ പങ്കെടുക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ജൂണ്‍ 12ന് നടന്ന കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് നടന്നത്.
ഇന്ധനവില വര്‍ധനയ്ക്കെതിരേ രാജ്യത്താകമാനം ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും. 70 ശതമാനം അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇന്ധനവില ജിഎസ്ടിയില്‍ പെടും. ജിഎസ്ടിയുടെ ഉയര്‍ന്ന സ്ലാബില്‍ പെട്ടാല്‍പോലും പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ കുറവുണ്ടാകും. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ത്തേക്കും. ഉണ്ടായേക്കാവുന്ന വരുമാനച്ചോര്‍ച്ച തന്നെയാണ് ഇതിനു കാരണം. ഒരു വിഭാഗം ഇന്ധന ഉല്‍പ്പന്നങ്ങളെ മാത്രം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.
ഇത് കൂടാതെ സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം യോഗത്തില്‍ മുഖ്യചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.