
എന്നും ഒരു ജോലി ഒരേ രീതിയില്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷവും.അതുകൊണ്ട് തന്നെ ആ ജോലിയില്‍ നിന്നോ ആ ബിസിനസില്‍ നിന്നോ ലഭിക്കുന്ന വരുമാനത്തില്‍ വലിയൊരു മാറ്റം പ്രതീക്ഷിക്കരുത്. പക്ഷെ ചെറിയൊരു വ്യത്യാസമോ ഇതുവരെ തുടര്‍ന്നിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുകയോ ചെയ്താല്‍ ചിലപ്പോ അത് ജീവിതത്തിലായാലും ബിസിനസിലായാലും വന്‍ നേട്ടമായിരിക്കാം കൊണ്ടുവരിക. ഇക്കാര്യങ്ങളൊക്കെ പറഞ്ഞത് ഗുജറാത്തിലെ ഖേതജി സോളങ്കിയെന്ന ഒരു കര്‍ഷകനെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ്. രാജ്യത്തെ കര്‍ഷകരൊക്കെ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പക്ഷെ സോളങ്കി അങ്ങിനെയല്ല. വന്‍ നേട്ടമാണ് അദേഹം പാടത്ത് നിന്ന് കൊയ്യുന്നത്. വെറുമൊരു ഉരുളക്കിഴങ് കര്‍ഷകനായിരുന് ഖേതജി സോളങ്കി ഒരിനം മാത്രം കൃഷി ചെയ്ത കാലത്ത് വന്‍ ദുരിതമായിരുന്നു അനുഭവിച്ചിരുന്നത്.
ഒരു വിളയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്കൊക്കെ സാധാരണ സംഭവിക്കാറുള്ള അപ്രതീക്ഷിത തിരിച്ചടികള്‍ സോളങ്കിയ്ക്കും പലതവണ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എന്നും താന്‍ കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് ഒന്ന് മാറ്റി പിടിക്കാന്‍ അദേഹം തീരുമാനിച്ചു. പരീക്ഷണകൃഷിയില്‍ പൂര്‍ണമായും ആത്മവിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഉരുളക്കിഴങ്ങ് പാടത്ത് മസ്‌ക് മെലണിന്റെ വിത്താണ് പാകിയത്. ഇത് വന്‍ ലാഭമാണ് ഈ കര്‍ഷകന് സമ്മാനിച്ചത്. 70 ദിവസം കൊണ്ട് ഇദേഹം 21 ലക്ഷം രൂപയാണ് താന്‍ വിളവെടുത്ത മസ്‌ക് മെലണ്‍ വിറ്റ് നേടിയത്. ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് സ്വപ്‌നം കാണാനാകാത്ത നേട്ടം. നാല് ഏക്കര്‍ ഭൂമിയിലാണ് 140 ടണ്‍ മസ്‌ക് മെലണ്‍ വിളയിച്ചത്. അതും എഴുപത് ദിവസം മാത്രം മതിയായിരുന്നു വിളവെടുപ്പിന്. ഒരു കി ഗ്രാമിന് 15 രൂപ നിരക്കില്‍ കശ്മീരിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും മാര്‍ക്കറ്റുകളില്‍ അദേഹം വിറ്റഴിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മസ്‌ക് മെലണ്‍ വിറ്റുതീര്‍ന്നു.
തന്റെ ചരക്കുകള്‍ ഏതെങ്കിലും ഇടത്തട്ടുകാര്‍ക്ക് നല്‍കാതെ സ്വയം വിപണിയിലെത്തിക്കാന്‍ അദേഹം പരിശ്രമിച്ചതോടെ വില്‍പ്പനയും ഈസിയായി. പരമ്പരാഗത കൃഷിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് സോളങ്കി. കാരണം ഉരുളക്കിഴങ്ങിന് ഒരു കര്‍ഷകന് ഒരു കിലോയ്ക്ക് വെറും രണ്ട് രൂപ നിരക്കിലാണ് ഇടത്തട്ടുകാര്‍ നല്‍കുന്നത്. അധ്വാനത്തിന്റെ ഫലംതിരിച്ചു തരാത്ത കൃഷിരീതികളും വില്‍പ്പനാ രീതികളുമൊക്കെ മാറ്റുന്നതോടെ ഓരോ കര്‍ഷകന്റെയും ജീവിതം മാറിമറിയുമെന്ന് ഖേതന്‍ സോളങ്കിയെന്ന ഏഴാംക്ലാസുകാരന്‍ കാണിച്ചുതരുന്നു. 1.29 ലക്ഷം മാത്രം നിക്ഷേപിച്ച് 27 ലക്ഷം രൂപ കൊയ്ത സോളങ്കിയുടെ കൃഷി രീതികള്‍ അടുത്തറിയാനായി നിരവധി പേരാണ് അദേഹത്തെ തേടിയെത്തുന്നത്.