
ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മാരുതിയുടെ ജിംനി. കോമ്പാക്ട് ത്രീ-ഡോര്‍ ഓഫ്-റോഡര്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചപ്പോള്‍ വളരെയധികം മികച്ച പ്രതികരണമാണ് ലഭിച്ചത്.യൂറോപ്യന്‍ വിപണിയിലുള്ള സിയറ പതിപ്പിനെയാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ജനപ്രിയ മോഡലായ ജിപ്സിയുടെ പിന്‍ഗാമിയാണ് നാലാം തലമുറ ജിംനി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുസുക്കി ജിംനി ഈ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു നെക്സ ഉല്‍പ്പന്നമായിട്ടല്ല, മറിച്ച് മാരുതി സുസുക്കി അരീന മോഡലായാകും എത്തുക. ഇതിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാരുതി ഡീലര്‍ഷിപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ഇന്ത്യന്‍ പതിപ്പ് ജിംനി നാമെല്ലാവരും ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര മോഡലിന് തുല്യമായ മൂന്ന് ഡോര്‍ പതിപ്പാകുമോ അതോ കൂടുതല്‍ പ്രായോഗികമായ അഞ്ച് ഡോര്‍ പതിപ്പായിരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല.എങ്കിലും എസ്യുവിയുടെ ആഭ്യന്തര വിപണിയിലെ അരങ്ങേറ്റം 5-ഡോര്‍ ഫോര്‍മാറ്റിലായിരിക്കുമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇങ്ങനെയെങ്കില്‍, മിനി എസ്യുവിയുടെ മനോഹാരിത നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചേക്കില്ല. നിലവില്‍ എല്ലാ ഡ്രൈവിംഗ് സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് കോംപാക്ട്, ത്രീ-ഡോര്‍ ജിംനി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വാഹന പ്രേമികളില്‍ നിന്നും ഇത്രയധികം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ജിംനി വിജയമായി തീരുമോ എന്ന കാര്യത്തില്‍ മാരുതി സുസുക്കിക്ക് ഇപ്പോഴും ഉറപ്പില്ല. ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റെല്ലാ ഉല്‍പ്പന്നങ്ങളെയും പോലെ ഇത് ഒരു വോളിയം വില്‍പ്പനക്കാരന്‍ ആവില്ലെങ്കിലും വിപണിയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ മിനി എസ്യുവിക്ക് സാധിച്ചേക്കും.
2018 ജൂലൈയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് എസ്യുവിയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഒരു ലാഡര്‍ ഫ്രെയിം ചേസിസ് അടിസ്ഥാനമാക്കിയാണ് പുതിയ ജിംനിയുടെ നിര്‍മ്മാണം. ഒരു പാര്‍ട്ട് ടൈം ഫോര്‍വീല്‍ ഡ്രൈവ് സജ്ജീകരണവും 3-ലിങ്ക് ആക്സില്‍ സസ്പെന്‍ഷനും വാഹനത്തിന് ലഭിക്കുന്നു. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്നു
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയില്‍ വാഗ്ദാനം ചെയ്യുക. അത് അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. എസ്യുവിയില്‍ ഡീസലോ ഹൈബ്രിഡ് ഓപ്ഷനുകളോ സുസുക്കി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സുരക്ഷക്കായി രണ്ട് SRS എയര്‍ബാഗുകള്‍, എബിഎസ് വിത്ത് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവ ജിംനി എസ്യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ 'സുസുക്കി സേഫ്റ്റി സപ്പോര്‍ട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു