ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം

December 02, 2021 |
|
News

                  ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം

ആഭരണങ്ങളില്‍ ഗുണമേന്‍മ മുദ്രയായ എച്ച്യുഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍), നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് എന്നിവ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണവ്യാപാരികള്‍ക്കു നല്‍കിയ ഇളവ് അവസാനിക്കുന്നു. എങ്കിലും രാജ്യത്തെ ഭൂരിഭാഗം ജ്വല്ലറികളും ബിഐഎസ് ലൈസന്‍സ് എടുത്തിട്ടില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 5,300 ജ്വല്ലറി ഉടമകള്‍ ഇതുവരെ ലൈസന്‍സ് എടുത്തിട്ടുണ്ട്. ജൂണ്‍ അവസാനം ഇത് 3700 ആയിരുന്നു. കേരളത്തില്‍ ജിഎസ്ടി റജിസ്‌ട്രേഷനുള്ള ഏഴായിരത്തോളം വ്യാപാരികളാണുള്ളത്.

രാജ്യത്ത് ആകെ 1,14,791 വ്യാപാരികളാണ് ലൈസന്‍സ് എടുത്തത്. ഇത് ആകെ ജ്വല്ലറികളുടെ ഏതാണ്ട് 20 ശതമാനമാണ്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 256 ജില്ലകളിലാണു നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കുന്നത്. ജൂലൈ 1 നാണ് നിയമം പ്രാബല്യത്തിലായത്. നവംബര്‍ 30 വരെ കേന്ദ്രം വ്യാപാരികള്‍ക്ക് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവു നല്‍കി. കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ആദ്യഘട്ടം. ജ്വല്ലറികള്‍ക്ക് ഉപയോക്താക്കളില്‍നിന്ന് ഹാള്‍മാര്‍ക്ക് ഇല്ലാത്ത പഴയ സ്വര്‍ണം സ്വീകരിക്കാമെന്നതിനാല്‍ നിയമം ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കില്ല. 40 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ളവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിട്ടും രാജ്യത്ത് ഇതിനായുള്ള അടിസ്ഥാന സൗകര്യമൊരുക്കിയിട്ടില്ല. ഹാള്‍മാര്‍ക്കിങ് സെന്റര്‍ ഇല്ലാത്ത സംസ്ഥാനങ്ങളുമുണ്ട്. രാജ്യത്താകെ 982 ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ മാത്രമാണുള്ളത്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം ജ്വല്ലറികളുണ്ട്.  അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതുവരെ വ്യാപാരികള്‍ക്കുമേല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

ജ്വല്ലറികളില്‍ ബിഐഎസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. എച്ച്യുഐഡി പതിപ്പിക്കാത്ത ആഭണങ്ങളല്ല വില്‍ക്കുന്നതെങ്കില്‍ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. എച്ച്യുഐഡി മുദ്രയുള്ള ആഭരണങ്ങളാണു വില്‍ക്കുന്നതെന്ന സ്റ്റിക്കര്‍ ഉപയോക്താക്കള്‍ കാണുന്ന വിധത്തില്‍ ജ്വല്ലറികളില്‍ പതിപ്പിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ജൂണ്‍ 30നു മുന്‍പുള്ള പഴയ ഹാള്‍മാര്‍ക്ഡ് ഉല്‍പന്നവും വില്‍ക്കാമെന്നും നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എച്ച്യുഐഡി ആഭരണങ്ങള്‍ മാത്രമെന്ന കടകളിലെ സ്റ്റിക്കര്‍ ഉപയോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നു വ്യാപാരികള്‍ പറയുന്നു. എച്ച്യുഐഡി പ്രകാരം ആഭരണത്തില്‍ മൂന്ന് അടയാളവും പഴയ ഹാള്‍മാര്‍ക്കിങ് പ്രകാരം 4 അടയാളവുമാണ് ഉണ്ടാവുക. ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം ലഭിക്കുമെന്ന സ്റ്റിക്കര്‍ പതിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഹാള്‍മാര്‍ക്കിങ് വ്യക്തമായി കാണുന്ന തരത്തിലുള്ള ലെന്‍സ് വ്യാപാരികള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Read more topics: # buy gold, # hallmarking,

Related Articles

© 2025 Financial Views. All Rights Reserved