
പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ എന്നിവ ഒരു ലക്ഷം കോടി രൂപ മൂലധന സമാഹരണം നടത്താനൊരുങ്ങുന്നു. കോവിഡ് വ്യാപനംമൂലം നിഷ്‌ക്രിയ ആസ്തി കുത്തനെ ഉയരാനുള്ള സാധ്യതമുന്നില്‍കണ്ടാണ് ഈ നീക്കം. എച്ച്ഡിഎഫ്സി ബാങ്ക് ആദ്യഘട്ടത്തില്‍ 13,000 കോടി രൂപയാണ് സമാഹരിക്കുക. ആക്സിസ് ബാങ്കാകട്ടെ 15,000 കോടി രൂപയുമാണ് സമാഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഓഹരി, ഡെറ്റ് എന്നിവയുടെ നിശ്ചിത അനുപാതത്തിലായിരിക്കും ബാങ്കുകള്‍ മൂലധനം സമാഹരിക്കുക. നിലവില്‍ നിഷ്‌ക്രിയ ആസ്തി താരതമ്യേന കുറഞ്ഞവയാണ് സ്വകാര്യമേഖലയിലെ ഈ ബാങ്കുകള്‍. അതുകൊണ്ടുതന്നെ മൂലധന സമാഹരണം താരതമ്യേന എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഈയിടെ യഥാക്രമം 7,500 കോടി രൂപയും 2,000 കോടി രൂപയും സമാഹരിച്ചിരുന്നു. ഫെഡറല്‍ ബാങ്ക്, യെസ് ബാങ്ക് എന്നിവ 30,000 കോടി രൂപ ഉടനെ സമാഹരിക്കും. 12,000 കോടി രൂപ സമാഹരിക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡ് യോഗം ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
വായ്പകള്‍ക്ക് ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇതില്‍ 20 ശതമാനം നിഷ്‌ക്രിയ ആസ്തിയായി മാറാനുള്ള സാധ്യത ബാങ്കുകള്‍ മുന്നില്‍കാണുന്നുണ്ട്. എട്ടുലക്ഷം കോടി രൂപയോളംഈവിഭാഗത്തിലേയ്ക്ക് മാറ്റേണ്ടിവരുമെന്ന് ബാങ്കുകള്‍ കരുതുന്നു. 2019 ഡിസംബര്‍ 31ലെ കണക്കുപ്രകാരം 59.52 ലക്ഷം കോടിരൂപയാണ് ബാങ്കുകള്‍ ഒട്ടാകെ ടേം ലോണായി നല്‍കിയിട്ടുള്ളത്.