
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ സര്‍വ്വകാല ഉയര്‍ച്ചയില്‍. വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മൂന്ന് ശതമാനം നേട്ടമാണ് എച്ച്ഡിഎഫ്സി ബാങ്ക് കയ്യടക്കിയത്. ഇതോടെ ബാങ്കിന്റെ ഓഹരി വില 1,308 രൂപ തൊട്ടു. നേരത്തെ, 2019 ഡിസംബറില്‍ കുറിച്ച 1,304.10 രൂപയായിരുന്നു എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ്.
കഴിഞ്ഞയാഴ്ച്ച മാത്രം ഓഹരി വിലയില്‍ 10 ശതമാനം കുതിപ്പ് കയ്യടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്എഡിഎഫ്സി ബാങ്കിന് കഴിഞ്ഞു. ഒപ്പം, ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 5.6 ശതമാനം നേട്ടവും ബാങ്ക് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസത്തെ ചിത്രം നോക്കിയാല്‍ 25 ശതമാനം വര്‍ധനവാണ് ബെഞ്ച്മാര്‍ക്ക് സൂചികയ്ക്ക് എതിരെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ നേടിയത്.
സെപ്തംബര്‍ പാദത്തിലുണ്ടായ ആരോഗ്യകരമായ വളര്‍ച്ച എച്ച്എഡിഎഫ്സി ബാങ്ക് ഓഹരികള്‍ക്ക് തുണയായെന്ന് പറയാം. 7,513 കോടി രൂപയാണ് കഴിഞ്ഞ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.14 ശതമാനം വര്‍ധനവ് അറ്റാദായത്തില്‍ ബാങ്ക് കണ്ടു. മൊത്തം പലിശ വരുമാനത്തിലും കാര്യമായ വളര്‍ച്ച ബാങ്ക് നേടി. 16.7 ശതമാനം വര്‍ധനവോടെ 15,776 കോടി രൂപയിലാണ് ബാങ്കിന്റെ മൊത്തം പലിശ വരുമാനം എത്തിനില്‍ക്കുന്നത്. ആസ്തികളുടെ കാര്യത്തിലും 21.5 ശതമാനം വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തി. പ്രധാന പലിശ മാര്‍ജിനാകട്ടെ 4.1 ശതമാനത്തിലും തുടരുന്നു. സെപ്തംബര്‍ 30 വരെയുള്ള കണക്കുപ്രകാരം മൊത്തം നിഷ്‌ക്രിയാസ്തികള്‍ 1.08 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. നേരത്തെയിത് 1.38 ശതമാനമായിരുന്നു.
പറഞ്ഞുവരുമ്പോള്‍ 61 ലക്ഷം രൂപയാണ് നിക്ഷേപങ്ങള്‍ക്ക് മേല്‍ ബാങ്കിന് സംഭവിച്ച നഷ്ടം. കഴിഞ്ഞവര്‍ഷം നിക്ഷേപങ്ങള്‍ക്ക് മേല്‍ 1,627.09 കോടി രൂപയുടെ ലാഭമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കയ്യടക്കിയതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. എന്തായാലും നടപ്പുവര്‍ഷം ഇതുവരെയുള്ള ബാങ്കിന്റെ മൊത്തം വരുമാനം 11,732.7 കോടി രൂപയില്‍ വന്നുനില്‍ക്കുന്നു. മുന്‍ സാമ്പത്തികവര്‍ഷം 13,494.12 കോടി രൂപയായിരുന്നു മൊത്തം വരുമാനം. സംഭവിച്ചിരിക്കുന്ന ഇടിവ് 13 ശതമാനം.
എന്തായാലും കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് എച്ച്ഡിഎഫ്സി ബാങ്ക്. വസ്തു ഈടുവെച്ചുള്ള വായ്പ, ചില്ലറ പ്രവര്‍ത്തന മൂലധന വായ്പ എന്നിവയെല്ലാം കൊവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒക്ടോബറില്‍ സ്വകാര്യ വായ്പകള്‍ക്കായി അപേക്ഷിച്ചവരുടെ എണ്ണവും ഗൗരവമായി വര്‍ധിച്ചു. വാഹന, ഭവന വായ്പകള്‍ക്കും ആവശ്യക്കാരേറി വരികയാണ്. അതുകൊണ്ട് വരുംനാളുകളിലെ ബിസിനസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ബാങ്കിനുണ്ട്.