ഉത്സവകാലം: ഭവനവായ്പാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

September 22, 2021 |
|
News

                  ഉത്സവകാലം: ഭവനവായ്പാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ഉത്സവകാലം പ്രമാണിച്ച് ഭവനവായ്പാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ഇന്നു മുതല്‍ ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നാണ് ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഉപഭോക്താവിന്റെ തൊഴിലോ വായ്പാ തുകയോ മാനദണ്ഡമാക്കാതെ എല്ലാവര്‍ക്കും ഈ നിരക്ക് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍ നിലവിലുണ്ടാകുക.

അടുത്തിടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര, പിഎന്‍ബി തുടങ്ങിയ ബാങ്കുകള്‍ ഭവനവായ്പാ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. എസ്ബിഐ കഴിഞ്ഞ ദിവസം ഭവനവായ്പ 6.70 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെനന്ന് അറിയിച്ചിരുന്നു. കൂടാതെ വനിതകള്‍ക്ക് അഞ്ച് ബിപിഎസ് ഇളവും പ്രഖ്യാപിച്ചിരുന്നു. എസ്ബിഐയില്‍ നിന്ന് എടുക്കുന്ന 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 6.70 ശതമാനവും 30 മുതല്‍ 75 ലക്ഷം വരെയുള്ളവയ്ക്ക് 6.95 ശതമാനവുമാണ് നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 7.05 ശതമാനവും. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക് 6.50 സഥമാനം വാര്‍ഷിക നിരക്കിലാണ് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് 6.65 ശതമാനമായിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള സാഹചര്യം കണക്കിലെടുത്ത് ബാങ്കുകള്‍ റിസ്‌കുള്ള കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് പകരം ഭവന വായ്പകള്‍ക്കാണ് മുന്‍ഗണന നല്‍കി വരുന്നത്.

എച്ച്ഡിഎഫ്സിയാകട്ടെ റീറ്റെയ്ല്‍ വായ്പകളുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. ബാങ്ക് ആകെ നല്‍കിയിരിക്കുന്ന വായ്പയായ 11.5 ലക്ഷം കോടി രൂപയുടെ 3.7 ലക്ഷം കോടി രൂപയാണ് റീറ്റെയ്ല്‍ വായ്പയായി നല്‍കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 8 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും ബിസിനസുകള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്ന കാലത്ത് റീറ്റെയ്ല്‍ വായ്പകള്‍ കുറച്ചിരുന്ന എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ബിസിനസ് തന്ത്രം പാടേ മാറ്റുകയാണ് ഈ നടപടിയിലൂടെ. റീറ്റെയ്ല്‍ വായ്പകളില്‍ ബാങ്കിന്റെ വിപണി പങ്കാളിത്തം കഴിഞ്ഞ മാര്‍ച്ചില്‍ 47 ശതമാനമായി ഇടിഞ്ഞിരുന്നു. നേരത്തെ 55 ശതമാനം വരെ കൈയാളിയിരുന്നത് എച്ച്ഡിഎഫ്സിയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved