
രാജ്യത്തെ ഏറ്റവും സുപ്രധാനമായ നാലാമത്തെ സിവിലിയന്‍ അവാര്‍ഡിന് അര്‍ഹരായ 94 പേരുടെ പട്ടിക പരിശോധിച്ചാല്‍ ഒരു ചായക്കടക്കാരന്റെ പേര് കൂടി കാണാം. ഒഡീഷ സ്വദേശി പ്രകാശ് റാവു. ഈ ചായക്കടക്കാരന്‍ എങ്ങിനെയാണ് പരമോന്നത ബഹുമതി പട്ടത്തിന്റെ പട്ടികയില്‍ ഇടം നേടിയത്. തന്റെ നിത്യവൃത്തിയും സാമൂഹ്യപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നത് എങ്ങിനെയെന്ന് കാണിച്ചുനല്‍കുകയാണ് ഇദേഹം.
60 വയസായ പ്രകാശ് റാവു ദരിദ്രനാണ്. എന്നാല്‍ തന്റെ മനസ് കൊണ്ട് സമ്പന്നനും. കാരണം 80 കുട്ടികള്‍ക്കാണ് അദേഹം വിദ്യാഭ്യാസം നല്‍കുന്നത്. അറിവിന്റെ പ്രകാശം പകരുന്ന ഈ മനുഷ്യന്റെ ജീവിതം ഏവരെയും അതിശയിപ്പിക്കും. ഒമ്പതാംക്ലാസിലെ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പ്രകാശ് റാവുവിന് തന്റെ പിതാവിന്റെ ചായക്കടയില്‍ സഹായിയായി ജോലിയില്‍ കയറേണ്ടി വന്നത്.
പഠിക്കാന്‍ ഏറെ മോഹമുണ്ടായിരുന്നു.കുറഞ്ഞത് പത്താംക്ലാസ് എങ്കിലും പാസാകണമെന്ന ആഗ്രഹമുണ്ടായ കുട്ടി തന്റെ പിതാവിന് അസുഖം വന്ന് കിടപ്പിലായതോടെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചായക്കടയില്‍ പൂര്‍ണസമയവും നില്‍ക്കേണ്ടി വന്നു കുടുംബത്തിന്റെ ചുമതല പൂര്‍ണമായും പ്രകാശ് റാവുവിനായി.
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയെങ്കിലും തന്റെ വിദ്യാഭ്യാസം വീണ്ടെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമമുണ്ടായിരുന്നു. പിന്നെ തന്റെ അനുഭവം നിര്‍ധനനായ മറ്റൊരു കുട്ടിയ്ക്കും നേരിടേണ്ടി വരരുതെന്ന് അദേഹം ആഗ്രഹിച്ചു. സമീപത്തെ ചേരിയിലെ കുട്ടികളില്‍ പലരും വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് പട്ടിണി മാറ്റാന്‍ തൊഴിലെടുക്കുന്നത് കണ്ട അദേഹം മറ്റൊന്നും ചിന്തിച്ചില്ല. കൈവശമുള്ളകുറച്ച് പണം സ്വരൂപിച്ച് 2000ല്‍ ആശാ ഓ ആശ്വാസന എന്ന പേരില്‍ സ്‌കൂള്‍ ആരംഭിച്ചു.
ചേരിയിലെ കുട്ടികളുടെ മാതാപിതാക്കളെ നേരില്‍കണ്ട് കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ആവശ്യാപ്പെട്ടു.തുടക്കത്തില്‍ കുറച്ചുകുട്ടികള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ നൂറോളം കുട്ടികള്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.
മൂന്നാം ക്ലാസ് വരെ മാത്രമാണ് പ്രകാശ് റാവുവിന്റെ സ്‌കൂളിലുളളത്. മൂന്നാം ക്ലാസ് കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയത്തിലേക്കും അയച്ച് പഠിപ്പിക്കാനും ഈ അറുപത് കാരന്‍ മുന്‍കൈ എടുക്കുന്നു.
സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പ്രകാശ് റാവുവിനെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വരികയും സാമ്പത്തിക സഹായം നല്കുകയും ചെയ്യുന്നുണ്ട ഇപ്പോള്‍. ചായക്കടയിലെ തന്റെ കൊച്ചുവരുമാനത്തിനൊപ്പം മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാന്‍ സാധിക്കുന്നതിന്റെ നിര്‍വൃതിയിലാണ് അദേഹം.