ഉത്സവകാലത്ത് ചരിത്രം കുറിച്ച് ഹീറോ മോട്ടോകോര്‍പ്പ്; 32 ദിവസത്തിനുള്ളില്‍ 14 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റു

November 20, 2020 |
|
News

                  ഉത്സവകാലത്ത് ചരിത്രം കുറിച്ച് ഹീറോ മോട്ടോകോര്‍പ്പ്;  32 ദിവസത്തിനുള്ളില്‍ 14 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റു

32 ദിവസത്തിനുള്ളില്‍ 14 ലക്ഷം ബൈക്കുകളും സ്‌കൂട്ടറുകളും വില്‍പ്പന നടത്തി പുതു ചരിത്രം കുറിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ദീപാവലി അടക്കമുള്ള ഉത്സവകാലത്തിന് പിന്നാലെയാണ് കമ്പനി ഈ പുതു നേട്ടം സ്വന്തമാക്കിയത്. കൂടാതെ കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം കടുത്ത പ്രതിസന്ധികളുണ്ടായെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നവരാത്രി ദിനം ആരംഭിച്ചതു മുതലുള്ള 32 ദിവസങ്ങള്‍ക്കുള്ളിലാണ് കമ്പനി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

വില്‍പ്പന നടത്തിയ 14 ലക്ഷം ഇരുചക്ര വാഹനത്തില്‍ ഹീറോയുടെ വിവിധ മോഡലുകള്‍ ഉള്‍പ്പെടും. പ്രധാനമായും 100 സിസിയുടെ സ്പ്ലെന്‍ഡര്‍ പ്ലസ്, എച്ച് എഫ് ഡ്യൂലക്സ്, 125 സിസി ബൈക്കായ ഗ്ലാമര്‍, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എന്നിവയാണ് കൂടുതലായും വില്‍പ്പന ചെയ്തത്. കൂടാതെ കമ്പനിയുടെ പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന എക്സ്ട്രീം 160 ആര്‍, എക്സ് പള്‍സ് എന്നീ ബൈക്കുകളും വലിയ വില്‍പ്പന നേട്ടമാണ് കൈവരിച്ചത്.

ഇതോടൊപ്പം ഡെസ്റ്റിനി, പ്ലെഷര്‍ എന്നീ സ്‌കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നെന്ന് കമ്പനി അറിയിച്ചു. 2020 മെയ് മാസത്തില്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങളും റീട്ടെയില്‍ വില്‍പ്പനയും പുനരാരംഭിച്ചതിനുശേഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വിപണി വിഹിതം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ വിപണി വിഹിതം ഒക്ടോബര്‍ മാസത്തില്‍ 500 ബിപിഎസ് വര്‍ദ്ധിച്ചിരുന്നു. കോവിഡ് -19 വാക്‌സിനുകളുടെ ദ്രുതഗതിയിലുള്ള വികസനം സംബന്ധിച്ച വാര്‍ത്തകള്‍ വരും മാസങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ അതിവേഗം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved