
ന്യൂഡല്‍ഹി: മാന്ദ്യം വാഹന വിപണിയെയും വലിയ രീതിയില്‍ പിടികൂടിയിരിക്കുന്നു. പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 46 ശതമാനം ഇടിവാണ് ഫിബ്രുവരിയില്‍ മാത്രം ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ ആകെ വില്‍പ്പന 7,269 ലേക്ക് ചുരുങ്ങുകയും ചെയ്തു. അതസേമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനി ആകെ വിറ്റ കാറുകളുടെ എണ്ണം 13,527 യൂണിറ്റായിരുന്നു. ബിഎസ് VI മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വില്‍പ്പനയില്‍ വലിയ രീതിയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. നിലവിലെ സ്ഥിതിഗതികള്‍ വശളായാല്‍ നിര്‍മ്മാണ കമ്പനികള്‍ ഒരുപക്ഷേ ഉത്പ്പാദനം വെട്ടിക്കുറച്ചേക്കാനും സാധ്യതയുണ്ട്.
അതേസയം മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മാരുതിയുടെ ആകെ വില്‍പ്പന 1,34,150 യൂണിറ്റുകളാണ്. 2019 ഫെബ്രുവരിയില്‍ ഇത് 1,39,100 യൂണിറ്റുകളായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം (ഏപ്രില്‍-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഫെബ്രുവരിയില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 മായി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ എസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് വിഭാഗത്തില്‍ വില്‍പ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി. അതേസമയം മിനി വിഭാഗത്തില്‍ വില്‍പ്പന 11.10 ശതമാനം ഉയര്‍ന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിനി വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ, എസ്-പ്രസ്സോ മോഡലുകള്‍ ഉള്‍പ്പെടുന്നു.അതേസമയം കയറ്റുമതിയില്‍ നേട്ടമുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ മൊത്തം കയറ്റുമതി 7.09 ശതമാനം ഉയര്‍ന്ന് 10,261 യൂണിറ്റായത് മാത്രമാണ് കമ്പനിക്ക് എടുത്ത് പറയാവുന്ന ഏക നേട്ടം.
സര്‍ക്കാരിന്റെ ഉപഭോഗം വര്‍ധിപ്പിക്കാനുളള നടപടികളും വില്‍പ്പന ഉയര്‍ത്താനുളള വാഹന നിര്‍മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചന നല്‍കി ഫെബ്രുവരി മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍. ഇന്ത്യന്‍ വാഹന വിപണിയുടെ പകുതിയോളം വിപണി വിഹിതം കൈകാര്യം ചെയ്യുന്ന മാരുതിക്കുണ്ടായിരിക്കുന്ന വില്‍പ്പന ഇടിവ് അമ്പരിപ്പിക്കുന്നതാണ്. രാജ്യത്തെ ഗ്രാമ -നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടം ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് മാറാന്‍ പോകുന്നതും വില്‍പ്പനയിലെ ഇടിവിന് കാരണമായതായി ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.