
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെ രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍, ഹോണ്ട എല്ലാ പങ്കാളികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് വാഹനങ്ങളുടെ വിതരണം നടത്തിയത്.
2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ഹോണ്ടയുടെ മൊത്തം വില്‍പന (ആഭ്യന്തര വില്‍പനയും കയറ്റുമതിയും ഉള്‍പ്പെടെ) 2,83,045 യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയില്‍ മാത്രം 2,40,100 ഇരുചക്രവാഹനങ്ങളാണ് വില്‍പന നടത്തിയത്. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ആഭ്യന്തര വില്‍പനയുണ്ടായിരുന്നില്ല.
വിദേശ ബിസിനസ് വിപുലീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഹോണ്ട, വിദേശ കയറ്റുമതിയിലും മികച്ച നേട്ടം കൈവരിച്ചു. 2020 ഏപ്രിലിലെ 2,630 യൂണിറ്റുകളുടെ സ്ഥാനത്ത് ഈ വര്‍ഷം ഏപ്രിലില്‍ 42,945 യൂണിറ്റുകള്‍ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്തു. 36 മാസത്തിനിടെ ആദ്യമായി ഹോണ്ടയുടെ കയറ്റുമതി 40,000 യൂണിറ്റ് മറികടന്നു. ഹോണ്ടയുടെ ഇന്ത്യയില്‍ നിര്‍മിച്ച ബിഎസ്-6 മോഡലുകള്‍ക്ക് യൂറോപ്പിലും (എസ്പി 125) ജപ്പാനിലും (ഹൈനസ് സിബി 350, സിബി 350 ആര്‍എസ്) വലിയ ഡിമാന്‍ഡുണ്ട്.
ഏപ്രില്‍ ആദ്യം മുതലുള്ള പ്രാദേശിക തല ലോക്ക്ഡൗണുകള്‍ ഉപഭോക്തൃ ഡിമാന്‍ഡ് ഗണ്യമായി കുറച്ചെന്ന്, വില്‍പനയെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എങ്കിലും സുരക്ഷിതമായി വീട്ടില്‍ തന്നെ തുടരുക എന്നത് രാജ്യത്തിന്റെ പ്രഥമ പരിഗണനയായതിനാല്‍ വില്‍പന സാധാരണ നിലയിലാവാന്‍ കുറച്ച് മാസങ്ങള്‍ എടുക്കാം. നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.