ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയില്‍; വരുമാനത്തില്‍ ഇടിവ്

July 10, 2021 |
|
News

                  ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയില്‍; വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും കാരണം വിനോദ യാത്രകളും ബിസിനസ്സ് യാത്രകളും പരിമിതപ്പെട്ടതിനാല്‍ ഹോട്ടല്‍ വ്യവസായം മേയില്‍ വലിയ ആഘാതം നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ മിക്ക നഗരങ്ങളിലും ഹോട്ടലുകള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ എച്ച്വിഎസ് അനറോക്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മെയ് മാസത്തില്‍ ഒക്യുപ്പന്‍സി നിരക്ക് 11-13 ശതമാനം പോയിന്റ് (പിപി) ഇടിഞ്ഞു. ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) 16-18 ശതമാനം കുറഞ്ഞപ്പോള്‍ റെവ്പാര്‍ (ലഭ്യമായ മുറിയിലെ ശരാശതി വരുമാനം) 49-51 ശതമാനം കുറഞ്ഞു. രാജ്യത്ത് മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് 2021 മെയ് മാസത്തില്‍ ആഭ്യന്തര വിമാന ഗതാഗതം 63 ശതമാനം കുറഞ്ഞു. മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവയാണ് രാജ്യത്ത് മേയില്‍ ഏറ്റവും കൂടുതല്‍ ഒക്കുപ്പന്‍സി പ്രകടമാക്കിയത് (31-35%).   

എന്നിരുന്നാലും, ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടിരുന്ന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന മാസങ്ങളില്‍ വളര്‍ച്ച പ്രകടമായിട്ടുണ്ട്. 2020 നെ അപേക്ഷിച്ച് 2021 മാര്‍ച്ചില്‍ ഒക്യുപ്പന്‍സി 17-19 പിപി വരെ ഉയര്‍ന്നു, റെവ്പാര്‍ 21-23 ശതമാനം വര്‍ദ്ധിച്ചു. 2020 നെ അപേക്ഷിച്ച് ഏപ്രിലില്‍ ഒക്യുപ്പന്‍സി 18-20 ശതമാനം ഉയര്‍ന്നു. റെവ്പാര്‍ 149-151 ശതമാനം വര്‍ദ്ധിച്ചു. 2021 മെയ് മാസത്തില്‍ റെവ്പാര്‍ 22-24 ശതമാനവും ഒക്യുപന്‍സി 3-5 പിപിയും വര്‍ദ്ധിച്ചു. എന്നാല്‍ ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) വാര്‍ഷികാടിസ്ഥാനത്തില്‍ ക്രമാനുഗതമായ ഇടിവിന് സാക്ഷ്യം വഹിച്ചു. ഈ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ഹോട്ടലുകള്‍ ബദല്‍ ഉപഭോക്തൃ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: # Hotel, # ഹോട്ടല്‍,

Related Articles

© 2025 Financial Views. All Rights Reserved