ഭവനവായ്പ വിപണിയില്‍ ഉണര്‍വ്; 9.6 ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തമാക്കി

May 20, 2021 |
|
News

                  ഭവനവായ്പ വിപണിയില്‍ ഉണര്‍വ്; 9.6 ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തമാക്കി

മുംബൈ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ഭവനവായ്പ വിപണി ഒക്‌റ്റോബര്‍- ഡിസംബര്‍ പാദത്തില്‍ 9.6 ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. പോര്‍ട്ട്‌ഫോളിയോ ഔട്ട്സ്റ്റാന്റിംഗ് (പോസ്) കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഭവന വായ്പ വിപണിയില്‍ 9.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സിആര്‍എഫ് ഹൈ മാര്‍ക്ക് പുറത്തുവിട്ട ത്രൈമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.   

ഈ മേഖലയിലെ പോര്ട്ട്‌ഫോളിയൊയുടെ ഔട്ട്സ്റ്റാന്റിംഗ് 2020 ഡിസംബറിലെ കണക്കനുസരിച്ച് 22.26 ലക്ഷം കോടി ഡോളറാണ്. 2019 ഡിസംബര്‍ അവസാനം ഇത് 20.31 ലക്ഷം കോടി രൂപയായിരുന്നു. 2018 ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് 2019 ഡിസംബറില്‍ ഈ വ്യവസായം 10.4 ശതമാനം വളര്‍ച്ചയാണ് സ്വന്തമാക്കിയിരുന്നത്. കോവിഡ് -19 മൂലം 2020ലെ ആദ്യ മൂന്ന് പാദങ്ങളില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗണും രാജ്യത്തിന്റെ മിക്കയിടത്തും ബിസിനസ്, വായ്പാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണം. എന്നിരുന്നാലും, 2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ തിരിച്ചുവരവ് പ്രകടമാകുകയായിരുന്നു.   

അഫോഡബിള്‍ ഭവന വിഭാഗം (35 ലക്ഷം രുപ വരെ വില) എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയുടെ 90 ശതമാനവും കൈയാളുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 60 ശതമാനം ആണ് ഈ വിഭാഗത്തിന്റെ പങ്കാളിത്തം. അഫോഡബിള്‍ വിഭാഗത്തില്‍, എണ്ണത്തിന്റെ അടിസ്ഥാനത്തില്‍15 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് 70 ശതമാനം. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത് 38 ശതമാനമാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, യുവ വായ്പക്കാരും മില്ലേനിയലുകളും (36 വയസില്‍ താഴെ) കൂടുതലായി ഭവന വായ്പകള്‍ നേടുന്നുണ്ട്. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവിലെ ഭവന വായ്പകളില്‍ 27 ശതമാനവും ഈ വിഭാഗക്കാര്‍ക്കാണ് നല്‍കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved