ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

March 05, 2021 |
|
News

                  ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും വെബ്‌സൈറ്റ് വഴിയോ ഐമൊബൈല്‍ പേ വഴിയോ വളരെ ലളിതമായി ഭവന വായ്പകള്‍ക്ക് അപേക്ഷിക്കാം. അടുത്തുള്ള ഐസിഐസിഐ ബാങ്ക് ശാഖയില്‍ നിന്ന് ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിക്കാനും തല്‍സമയം വായ്പാ അനുമതി നേടാനും സാധിക്കും.

പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള ഭവന വായ്പാ പ്രക്രിയയും തല്‍സമയ അനുമതിയുമെല്ലാം ഏതു ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും തങ്ങളില്‍ നിന്നു വായ്പ എടുക്കുന്നത് സൗകര്യപ്രദമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്‌സ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു. സ്വന്തം താമസത്തിനായി വീടു വാങ്ങുന്നവരുടെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്നത്. കുറഞ്ഞ പലിശ നിരക്കു പരിഗണിക്കുമ്പോള്‍ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുവാനുള്ള ഏറ്റവും മികച്ച സമയം ഉതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, എസ്ബിഐയും കൊട്ടാക്ക് മഹീന്ദ്ര ബാങ്കും ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. കൊട്ടാക്ക് മഹീന്ദ്ര ബാങ്കില്‍ 10 ബേസിസ് പോയിന്റാണ് പലിശ കുറഞ്ഞത്. ഇതോടെ 6.65 ശതമാനമായി കൊട്ടാക്ക് മഹീന്ദ്ര ബാങ്കിന്റെ ഭവന വായ്പാ നിരക്ക്. മാര്‍ച്ച് 1 മുതല്‍ 31 വരെ പുതിയ നിരക്ക് നിരക്ക് പ്രാബല്യത്തില്‍ തുടരും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. എല്ലാ വായ്പാ തുകയിലും 6.65 ശതമാനം പലിശ നിരക്ക് ലഭ്യമാണ്. ഇതേസമയം, അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവും വിലയിരുത്തിയാകും പലിശ നിരക്കുകള്‍ നിശ്ചയിക്കപ്പെടുക.

മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്ക് 6.70 ശതമാനം പലിശ നിരക്കാണ് എസ്ബിഐ ഈടാക്കുന്നത്. മാര്‍ച്ച് 31 വരെ വായ്പകളുടെ പ്രോസസിങ് ഫീയും ബാങ്ക് പൂര്‍ണമായി ഒഴിവാക്കി. ഇതേസമയം, വായ്പാ തുകയും സിബില്‍ സ്‌കോറും ആധാരമാക്കിയാകും എസ്ബിഐ പലിശയിളവ് നല്‍കുക. ഇതിനായി അപേക്ഷകന്റെ തിരിച്ചടവ് ചരിത്രം ബാങ്ക് പരിശോധിക്കും. മുന്‍പ് തിരിച്ചടവുകള്‍ മുടക്കമില്ലാതെ പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്കായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 6.70 ശതമാനം പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കുക. സിബില്‍ സ്‌കോറുമായി ബന്ധപ്പെട്ടാണ് ഭവന വായ്പകളുടെ പലിശ എസ്ബിഐ നിശ്ചയിക്കുന്നത്. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതല്‍ പലിശ നിരക്ക് ആരംഭിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് തുടങ്ങും.

Related Articles

© 2025 Financial Views. All Rights Reserved