4,940 കോടി രൂപ അറ്റാദായം നേടി ഐസിഐസിഐ ബാങ്ക്

January 30, 2021 |
|
News

                  4,940 കോടി രൂപ അറ്റാദായം നേടി ഐസിഐസിഐ ബാങ്ക്

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 4,940 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് 4,146 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ഇത്തവണ വര്‍ധനവ് 19 ശതമാനം.

വരുമാനത്തിന്റെ കാര്യത്തിലും ഐസിഐസിഐ ബാങ്ക് നേട്ടം കയ്യടക്കിയത് കാണാം. വാര്‍ഷികാടിസ്ഥാനത്തില്‍ 23,638 കോടി രൂപയില്‍ നിന്നും 24,416 കോടി രൂപയായി ബാങ്കിന്റെ വരുമാനം കൂടി. ഡിസംബര്‍ പാദത്തില്‍ 22 ശതമാനം വര്‍ധനവാണ് നിക്ഷേപങ്ങള്‍ കണ്ടത്. കഴിഞ്ഞ ത്രൈമാസപാദം 8.74 ലക്ഷം കോടി രൂപ നിക്ഷേപങ്ങളായി ബാങ്കിലെത്തി.

മൂന്നാം പാദത്തില്‍ കറന്റ്, സേവിങ്സ് അക്കൗണ്ടുകള്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ഐസിഐസിഐ ബാങ്ക് അറിയിച്ചു. സ്ഥിര നിക്ഷേപങ്ങള്‍ 26 ശതമാനം വളര്‍ച്ച കുറിച്ചു. പലിശ വരുമാനത്തില്‍ 16 ശതമാനം വര്‍ധനവും സംഭവിച്ചു. മൂന്നാം പാദത്തില്‍ 9,912 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് പലിശ വരുമാനം കണ്ടെത്തിയത്. ലാഭക്കണക്കുകളിലെ പ്രധാന ഘടകമായ പലിശ മാര്‍ജിന്‍ 10 ബേസിസ് പോയിന്റ് കൂടി 3.67 ശതമാനത്തിലെത്തി.

മൊത്തം നിഷ്‌ക്രിയാസ്തികളുടെ അനുപാതം 4.38 ശതമാനം രേഖപ്പെടുത്തുന്നുണ്ട്. മൊറട്ടോറിയം കാലാവധി കഴിഞ്ഞിട്ടും തിരിച്ചടവുകള്‍ ആരംഭിക്കാത്ത വായ്പാ അക്കൗണ്ടുകള്‍ നിഷ്‌ക്രിയാസ്തിയായി പരിഗണിക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമില്ലായിരുന്നെങ്കില്‍ 5.42 ശതമാനം തൊടുമായിരുന്നു ഇത്.

സാമ്പത്തിക ഫലം മുന്‍നിര്‍ത്തി വെള്ളിയാഴ്ച്ച രണ്ടു ശതമാനം നേട്ടത്തിലാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ ബിഎസ്ഇ സൂചികയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഐസിഐസിഐ ബാങ്ക് ഓഹരിയൊന്നിന് 538.95 രൂപയാണ് വില. നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കും ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 8.758.3 കോടി രൂപ അറ്റാദായമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി. പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്ഡിഎഫ്‌സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്. ബാങ്കിന്റെ മൊത്തം പലിശവരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി.

Related Articles

© 2025 Financial Views. All Rights Reserved