
ന്യൂഡല്‍ഹി: ബോണ്ട് വില്‍പനയിലൂടെ ഐസിഐസിഐ ബാങ്ക് സമാഹരിച്ചത് 2,827 കോടി രൂപ. റെഗുലേറ്ററി ഫയലിങ്ങില്‍ ആണ് ബാങ്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിലാണ് ബോണ്ടുകള്‍ അനുവദിവച്ചത് എന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ ബോണ്ടുകളിലൂടെ ഫണ്ട് സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഡെറ്റ് സെക്യൂരിറ്റി ബോണ്ടുകള്‍ വഴി ധനസമാഹരണത്തിന് ആയിരുന്നു അനുമതി.
ഇതനുസരിച്ച് 28,274 റെഡീം ചെയ്യാവുന്ന ദീര്‍ഘകാല ബോണ്ടുകള്‍ ആണ് ബാങ്ക് അനുവദിച്ചത്. ഇതിലൂടെയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. 2021 ജൂണ്‍ 15 ആണ് അലോട്ട്മെന്റ് ഡേറ്റ്. ബോണ്ടുകളുടെ റിഡംപ്ഷന്‍ ഡേറ്റ് 2028 ജൂണ്‍ 15 ആയിരിക്കും.ബോണ്ടുകള്‍ക്ക് പ്രത്യേക അവകാശങ്ങളോ പ്രിവിലേജുകളോ ഉണ്ടായിരിക്കില്ല എന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 6.45 ശതമാനം എന്ന കണക്കില്‍ ബോണ്ടുകള്‍ക്ക് കൂപ്പണ്‍ ഉണ്ടായിരിക്കും.
ചൊവ്വാഴ്ച ഓഹരിവിപണിയിലും ഐസിഐസിഐ ബാങ്ക് നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരിക്ക് 645.05 രൂപ എന്ന നിലയില്‍ 1.57 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട് സെന്‍സെക്സില്‍. അടുത്തിടെ ഫോര്‍ബ്സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിലും ഐസിഐസിഐ ഇടം പിടിച്ചിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഐസിസിഐ മൂന്നാം സ്ഥാനത്താണ് എത്തിയിരുന്നത്. ഡിബിഎസ് ബാങ്ക് ആയിരുന്നു പട്ടികയില്‍ ഒന്നാമതെത്തിയത്.
ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്ക് ആണ് ഐസിസിഐ ബാങ്ക്. ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്ക് എന്നതാണ് ഐസിഐസിഐ ബാങ്കിന്റെ പൂര്‍ണരൂപം. 1994 ല്‍ ആണ് ബാങ്കിന്റെ തുടക്കം. ഇന്ന് ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളിലും ബാങ്കിന് സാന്നിധ്യമുണ്ട്.